'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ'; വിവാദമായ മെഗാതിരുവാതിരയിലെ വരികള്‍
Kerala
'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ'; വിവാദമായ മെഗാതിരുവാതിരയിലെ വരികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th January 2022, 11:24 am

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന് മുന്നോടിയായി ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ മെഗാ തിരുവാതിരയ്ക്കായി എഴുതിയ വരികള്‍ വിവാദത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വരികളാണ് ഇവയില്‍ ഏറെയും.

വ്യക്തിപൂജ പാടില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെയും പി. ജയരാജന്റെയും കാര്യത്തില്‍ പാര്‍ട്ടി എടുത്ത നിലപാടിന് വിരുദ്ധമാണ് തിരുവാതിരക്കളിയിലെ പിണറായി സ്തുതിയെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ഇതിനൊപ്പം തന്നെ ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്ര നടക്കുന്ന ദിവസം മെഗാ തിരുവാതിരക്കളി നടത്തിയതിലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

മെഗാ തിരുവാതിരക്കളി ഒഴിവാക്കാമായിരുന്നു എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.

അശ്രദ്ധകൊണ്ട് സംഭവിച്ചതെന്നും തീര്‍ച്ചയായും ഒഴിവാക്കേണ്ടിയിരുന്ന ഒന്നായിരുന്നു തിരുവാതിരക്കളിയെന്ന് മന്ത്രി വി. ശിവന്‍കുട്ടിയും പറഞ്ഞിരുന്നു.

മാത്രമല്ല കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് തിരുവാതിരക്കളിക്കായി 550-ഓളം പേരെ പങ്കെടുപ്പിച്ചതും വിവാദത്തിലായിട്ടുണ്ട്.

പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആര്‍. സലൂജയുടെ നേതൃത്വത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയാണ് തിരുവാതിരക്കളി അവതരിപ്പിച്ചത്.

നേരത്തെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജനെ നാടിന്റെ നായകനായി ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള പാട്ട് വലിയ വിവാദമായിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ വ്യക്തിപൂജ പാടില്ലെന്ന കര്‍ശന നിലപാടുമായി സി.പി.ഐ.എം തന്നെ അന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു.

 

തിരുവാതിരക്കളിയിലെ വരികളുടെ പ്രസക്ത ഭാഗങ്ങള്‍..

വിപ്ലവം വേരൂന്നി തണലിട്ടു നില്‍ക്കുന്ന ദക്ഷിണ കേരള പുണ്യഭൂമി

പാഠശാലയെന്ന ഈ പുണ്യഭൂമിയില്‍ സി.പി.ഐ.എം ജില്ലാ സമ്മേളനം.. തിരുവനന്തപുരം ജില്ലാ സമ്മേളനം

പാവങ്ങള്‍ക്കെന്നെന്നും തൊഴിലാളികള്‍ക്കെന്നും സംരക്ഷണം നല്‍കും സി.പി.ഐ.എം

പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി, മാലോകരെല്ലാരും വാഴ്ത്തിപ്പാടി

ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങള്‍

ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ

എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്

കേരളത്തെ ഒന്നൊന്നായി വമ്പന്‍ പ്രളയം വിഴുങ്ങിയപ്പോള്‍ രക്ഷയേകി പോറ്റിയില്ലേ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി

വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ ജീവിതം വഴിമുട്ടി നിന്നു ചോദ്യ ചിഹ്നമായപ്പോള്‍

ഭക്ഷ്യക്കിറ്റും ധാന്യക്കിറ്റും നാടുമുഴുവന്‍ മുടങ്ങാതെ നല്‍കി രക്ഷ ഏകിയില്ലേ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി

വന്ദ്യ വയോധികര്‍ക്കെല്ലാം ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ നേരിട്ടേകി രക്ഷിച്ചല്ലോ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി

നമ്മെയൊക്കെ രക്ഷിക്കുന്ന കേരളത്തെ രക്ഷിക്കുന്ന കരുത്തുറ്റ പാര്‍ട്ടിയല്ലോ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി

നമ്മെയൊക്കെ രക്ഷിക്കുന്ന കേരളത്തെ രക്ഷിക്കുന്ന കരുത്തുറ്റ പാര്‍ട്ടിയല്ലോ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: pinarayi vijayan mega thiruvathira thiruvananthapuram cpim