| Saturday, 15th June 2019, 11:44 am

പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വിമാനത്താവള സ്വകാര്യവത്ക്കരണം, പ്രളയം, ദേശീയപാത എന്നിവ ചര്‍ച്ചയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണി മുതല്‍ 15 മിനുട്ട് വരെയായിരുന്നു കൂടിക്കാഴ്ച. മോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്.

രാവിലെ പത്ത് മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണം അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ട പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ അത് സ്വകാര്യകമ്പനിക്ക് കൊടുക്കുന്നതിലെ വൈരുധ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

പ്രളയത്തിന് ശേഷം കേരളത്തിന് ലഭിച്ച സാമ്പത്തിക സഹായം സംബന്ധിച്ച് കേരളത്തിനുള്ള അതൃപ്തിയും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണത്തിനാവശ്യമായ കേന്ദ്ര സഹായത്തെക്കുറിച്ചുള്ള അഭ്യര്‍ത്ഥനയും കേരളം നല്‍കിയ നിവേദനത്തിലുണ്ട്.

സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുകയാണെന്ന കാര്യവും ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കിയതും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതോടൊപ്പം രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വരാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയേയും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇന്ന് കാണുന്നുണ്ട്.

കേരളമുഖ്യമന്ത്രിയെ കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ഇന്ന് മോദിയെ കാണും.

ആന്ധ്രാപ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ യോഗത്തില്‍ പ്രത്യേക പദവി സാമ്പത്തിക പാക്കേജ് എന്നിവ ആവശ്യപ്പെടും. തെലങ്കാനയും സാമ്പത്തിക പാക്കേജിന് സഹായം തേടും.

We use cookies to give you the best possible experience. Learn more