| Thursday, 8th March 2018, 8:29 pm

നോക്കുകൂലി ഇനിയില്ല; അടുത്ത തൊഴിലാളി ദിനം മുതല്‍ കേരളത്തില്‍ നോക്കുകൂലി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

അലി ഹൈദര്‍

തിരുവനന്തപുരം: തൊഴിലാളി ദിനമായ മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്പ്രദായം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ് ഒന്നുമുതല്‍ അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനതല യോഗത്തിന്റെ തുടര്‍ച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍ത്തന്നെ, യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്” മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കി.

തൊഴിലാളി സംഘടനകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് വ്യവസായികള്‍ക്കും പരാതിയില്ല. എന്നാല്‍ കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീര്‍ത്തും അവസാനിപ്പിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more