| Wednesday, 20th October 2021, 10:03 am

ജീവന് പകരമായി മറ്റൊന്നുമില്ല, നഷ്ടപരിഹാരം ഒന്നുമാകില്ല; ദുരിതബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. കേരളത്തിന്റെ തീരാ ദുഖമാണിതെന്നും ദുരിത ബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയില്‍ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ല. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതി തീവ്ര മഴ സൃഷ്ടിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്ത നിവാരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം നടക്കുന്നതായും സഭയെ അറിയിച്ചു.

എന്‍.ഡി.ആര്‍.എഫിന്റെ 11 ടീം രംഗത്തുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമായേക്കാം. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചത് 39 പേരാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ആറു പേരെ കാണാതായി. 217 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍ഫോഴ്‌സ് , നേവി ഹെലികോപ്ടറുകള്‍ സജ്ജമാണ്. സംസ്ഥാനത്താകെ 304 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇനി 25ാം തിയതിയാണ് സഭ ചേരുക. എം.എല്‍.എമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുള്ളതിനിലാണ് സഭ സമ്മേളനം 25വരെ നിര്‍ത്തിവച്ചത്.

അതേസമയം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും കൃത്യമായ മുന്നറിയിപ്പ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു.

വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ദുരന്ത നിവാരണ സംവിധാനം മെച്ചപ്പെടുത്തണമെന്നും കെ. ബാബു സഭയില്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വിദ്ഗ്ധ സമിയുടെ നിര്‍ദ്ദേശം തേടി മാറ്റങ്ങള്‍ വരുത്തണം. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം നിര്‍ദ്ദേശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more