Advertisement
Kerala News
പിണറായി വിജയന്‍ പകപോക്കുകയാണ്, കാശിന് രേഖകളുണ്ട്; നിയമപ്രകാരം നേരിടുമെന്നും കെ.എം ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 12, 06:24 pm
Monday, 12th April 2021, 11:54 pm

കോഴിക്കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് അവസാനിച്ചു. റമദാന്‍ ദിനത്തിന്റെ തലേ ദിവസം തന്നെ ഇത്തരത്തില്‍ റെയ്ഡ് നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനപ്രകാരമാണെന്ന് കെ.എം ഷാജി ആരോപിച്ചു.

വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ലെന്നും കെ.എം ഷാജി പറഞ്ഞു.

തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി പറഞ്ഞു.

വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന്‍ പകപോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.

എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല.

കെ.എം ഷാജിയുടെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിജിലന്‍സിന്റെ റെയ്ഡ് രാത്രി പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം ആര്‍ ഹരീഷ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഷാജിക്കെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നു.

കെ.എം ഷാജി വരവിനേക്കാള്‍ 166% അധികം സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്.

ഷാജിക്കെതിരെ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Pinarayi Vijayan is taking revenge, the seized money has documents; says KM Shaji