| Monday, 20th May 2024, 10:41 pm

ഇന്ത്യ ഭരിക്കാന്‍ യോഗ്യരായ പത്ത് വ്യക്തികളില്‍ പിണറായി വിജയനും; ധ്രുവ് രാത്തിയുടെ വീഡിയോ ചര്‍ച്ചയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ധ്രുവ് റാഠിയുടെ പുതിയ വീഡിയോ ചര്‍ച്ചയില്‍. ഇന്ത്യ ഭരിക്കാന്‍ യോഗ്യരായ പത്ത് ആളുകളുടെ പേരുകള്‍ പറയുന്ന വീഡിയോയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ഏതാനും മാനദണ്ഡങ്ങള്‍ നല്‍കിക്കൊണ്ടാണ് ധ്രുവ് രാത്തി ഈ പത്ത് വ്യക്തികളുടെയും പേരുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കുന്നവര്‍, ഭരിക്കാന്‍ അറിയുന്നവര്‍, ജനങ്ങളോട് ഉത്തരവാദിത്തമുള്ളവര്‍, വിദഗ്ധരോട് ചോദിച്ചുമനസിലാക്കി നയങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍, വിദ്യാഭ്യാസമുള്ളവര്‍ തുടങ്ങുന്നതാണ് മാനദണ്ഡങ്ങള്‍. ഇതുപ്രകാരം യോഗ്യരായ പത്ത് വ്യക്തികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടുന്നു.

പിണറായി വിജയന് പുറമെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ദല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ,

ശിവസേന നേതാവ് ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ആര്‍.ജെ.ഡി നേതാവും രാജ്യസഭാംഗവുമായ മനോജ് കുമാര്‍ ഝാ, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് ധ്രുവ് റാഠി തെരഞ്ഞെടുത്ത മറ്റു വ്യക്തികള്‍.

ഇന്ത്യയിലെ അധികാര മേഖലയിലും തന്റെ സ്വാധീനം വേണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും ധ്രുവ് പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍, സര്‍വകലാശാല വി.സിമാര്‍, കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സി.ബി.ഐ, ആര്‍.ബി.ഐ ഗവര്‍ണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സിനിമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം തന്റെ നിയന്ത്രണത്തില്‍ വേണമെന്നാണ് മോദിയുടെ തീരുമാനമെന്നും ധ്രുവ് റാഠി വീഡിയോയില്‍ ചൂണ്ടിക്കാട്ടി.

Content Highlight: Pinarayi Vijayan is among the ten most fit people to rule India, in druvrathee video

We use cookies to give you the best possible experience. Learn more