| Tuesday, 27th October 2020, 10:21 pm

നരേന്ദ്രമോദി എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും പേടിയുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയന്‍; തന്നെ പഠിപ്പിക്കാന്‍ യോഗ്യനല്ലെന്നും രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിന്റെ ആദ്യക്ഷരമെങ്കിലും അറിയുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍. മൂലധനശക്തികളുടെ ഏജന്റായിട്ടാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുതലാളിത്തത്തിന്റെ കൂര്‍ത്ത് മൂര്‍ത്ത ദംഷ്ട്രകള്‍ എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിക്കുന്ന ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി പിണറായി വിജയന്‍ മുഴക്കിയ മണി കമ്മ്യൂണിസത്തിന്റെ മരണമണിയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാരിനെ കേരളത്തില്‍ അനുകരിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. നരേന്ദ്രമോദി എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും പേടിയുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിയുടെ നയങ്ങള്‍ നിരാകരിക്കുന്ന പിണറായി വിജയന്‍ എന്നെ പഠിപ്പിക്കാന്‍ യോഗ്യനല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്. ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാവാണ്. ദേശീയനേതാവെന്ന നിലയില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ എപ്പോഴും ദേശീയ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയായിരിക്കും. ആ നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെ കാണേണ്ടത് എന്ന എന്റെ അഭിപ്രായത്തെ വളച്ചൊടിച്ചാണ് ഞാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്തോ പറഞ്ഞു എന്ന് മുഖ്യമന്ത്രി വിലപിക്കുന്നത്.

ഇന്ത്യയില്‍ ഇന്ന് ബി.ജെ.പിയെയും ആര്‍.എസ്.എസിനേയും നേരിടാനുള്ള ശക്തി കോണ്‍ഗ്രസിന് മാത്രമേയുള്ളൂ. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്നത് പോയിട്ട് ഗാലറിയില്‍ ഇരുന്ന് കളി കാണാനുള്ള ആള്‍ബലം പോലും ഇന്ന് ഇന്ത്യയില്‍ സി.പി.ഐ.എമ്മിന് ഇല്ല. പിണറായി വിജയന്‍ മനസിലാക്കേണ്ട കാര്യം, ഒന്നോ ഒന്നരയോ സംസ്ഥാനത്ത് മാത്രം വേരുള്ള സി.പി.ഐ.എമ്മിന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതെ ഇന്ത്യയിലൊരു രാഷ്ട്രീയ അസ്ഥിത്വമില്ല എന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

രാഷ്ട്രീയത്തിന്റെ ആദ്യക്ഷരമെങ്കിലും അറിയുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍. മൂലധനശക്തികളുടെ ഏജന്റായിട്ടാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബഹുരാഷ്ട്രകുത്തകയായ സ്പ്രിങ്ക്‌ളറുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളം കണ്ടതാണ്.

രാജ്യാന്തര കണ്‍സള്‍ട്ടന്‍സികളെ കൊണ്ടുവന്ന് സംസ്ഥാനഭരണം അവര്‍ക്ക് തീറെഴുതുന്നതും നമ്മള്‍ കണ്ടതാണ്. മുതലാളിത്തത്തിന്റെ കൂര്‍ത്ത് മൂര്‍ത്ത ദംഷ്ട്രകള്‍ എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിക്കുന്ന ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പോയി പിണറായി വിജയന്‍ മുഴക്കിയ മണി കമ്മ്യൂണിസത്തിന്റെ മരണമണിയായിരുന്നു.

നരേന്ദ്രമോദി സര്‍ക്കാരിനെ കേരളത്തില്‍ അനുകരിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. നരേന്ദ്രമോദി എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും പേടിയുള്ളൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിയുടെ നയങ്ങള്‍ നിരാകരിക്കുന്ന പിണറായി വിജയന്‍ എന്നെ പഠിപ്പിക്കാന്‍ യോഗ്യനല്ല.

രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്. ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാവാണ്. ദേശീയനേതാവെന്ന നിലയില്‍ അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ എപ്പോഴും ദേശീയ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയായിരിക്കും. ആ നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെ കാണേണ്ടത് എന്ന എന്റെ അഭിപ്രായത്തെ വളച്ചൊടിച്ചാണ് ഞാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്തോ പറഞ്ഞു എന്ന് മുഖ്യമന്ത്രി വിലപിക്കുന്നത്.

ഇന്ത്യയില്‍ ഇന്ന് ബി.ജെ.പിയെയും ആര്‍.എസ്.എസിനേയും നേരിടാനുള്ള ശക്തി കോണ്‍ഗ്രസിന് മാത്രമേയുള്ളൂ. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്നത് പോയിട്ട് ഗാലറിയില്‍ ഇരുന്ന് കളി കാണാനുള്ള ആള്‍ബലം പോലും ഇന്ത്യയില്‍ സി.പി.ഐ.എമ്മിന് ഇല്ല. പിണറായി വിജയന്‍ മനസിലാക്കേണ്ട കാര്യം, ഒന്നോ ഒന്നരയോ സംസ്ഥാനത്ത് മാത്രം വേരുള്ള സി.പി.ഐ.എമ്മിന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതെ ഇന്ത്യയിലൊരു രാഷ്ട്രീയ അസ്ഥിത്വമില്ല എന്നതാതാണ്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Pinarayi Vijayan is a communist leader who is afraid to even utter the word Narendra Modi; Ramesh Chennithala

We use cookies to give you the best possible experience. Learn more