തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ ഓണം വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം കനകക്കുന്നില് ഉദ്ഘാടനം ചെയ്തു. ഈ വര്ഷം വിപുലവും പ്രൗഢവുമായ പരിപാടികളോടെ ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സര്ക്കാര് പ്രസ്താവനയില് അറിയിച്ചു.
‘ഇനി സാംസ്‌കാരികോത്സവത്തിന്റെ ഏഴ് രാപ്പകലുകള്. സംസ്ഥാന സര്ക്കാരിന്റെ ഓണം വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം കനകക്കുന്നില് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നര്ത്തകി മല്ലിക സാരാഭായി, ചലച്ചിത്ര താരം ഫഹദ് ഫാസില്, മന്ത്രിമാര്, ജനപ്രതിനിധികള് തുടങ്ങി നിരവധി പ്രമുഖര് ചടങ്ങില് സന്നിഹിതരായിരുന്നു. തിരുവനന്തപുരം ജില്ലയില് 31 വേദികളിലായി കലാപരിപാടികള് അരങ്ങേറും. മറ്റു ജില്ലകളിലും പ്രൗഢമായ ആഘോഷങ്ങള് ഉണ്ടാകും.
ഓണം ഒരുമയും ഈണം എന്ന ആശയത്തില് ഊന്നിയാണ് ഇക്കൊല്ലത്തെ ഓണാഘോഷം. ഓണം പങ്കുവെക്കുന്ന തുല്യതയുടെ സന്ദേശം ഉയര്ത്തിപ്പിടിച്ചുകൊണ്ട് എല്ലാവര്ക്കും വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വികസന പ്രവര്ത്തനങ്ങളുടെ ഗുണഫലങ്ങള് എല്ലാവരിലേക്കും എത്തിക്കാനുമാണ് സര്ക്കാര് ശ്രമിക്കുന്നത്. സമൃദ്ധമായി ഓണം ആഘോഷിക്കാന് കഴിയാത്തവരെ കൂടി ചേര്ത്തുപിടിച്ചുകൊണ്ട് മുന്നോട്ടു പോവുകാനുതകുന്ന പ്രവര്ത്തനങ്ങളാണ് നടക്കുന്നത്,’ സംസ്ഥാന സര്ക്കാരിന്റെ പ്രസ്താവനിയല് പറഞ്ഞു.
ഓണം ഉയര്ത്തുന്ന അതിജീവന സങ്കല്പ്പത്തിന്റെ ഊര്ജ്ജം ഉള്ക്കൊണ്ട് ഇനിയും നമുക്ക് ഏറെ ദൂരം മുന്നോട്ടുപോകാനുണ്ടെന്നും പ്രസ്താവനയില് കൂട്ടിച്ചേര്ത്തു.
‘അതിജീവന സങ്കല്പ്പംകൂടി പങ്കുവയ്ക്കുന്നതാണ് ഓണത്തിന്റെ ഐതിഹ്യം. എല്ലാ വിഭാഗങ്ങളെയും ചേര്ത്തുപിടിച്ചുകൊണ്ട് ഈ ഓണക്കാലവും നമ്മള് സമൃദ്ധമാക്കുകയാണ്. ഓണം ഉയര്ത്തുന്ന അതിജീവന സങ്കല്പ്പത്തിന്റെ ഊര്ജ്ജം ഉള്ക്കൊണ്ട് ഇനിയും നമുക്ക് ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. അത് സാധ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്ത്തനങ്ങള്ക്കായി ഈ ഘട്ടത്തില് നമ്മളെത്തന്നെ നമുക്കു പുനരര്പ്പിക്കാം. എല്ലാവര്ക്കും ഓണാശംസകള്,’ പ്രസ്താവനയില് പറഞ്ഞു.
Content Highlight: Pinarayi Vijayan inaugurated the Onam week celebrations of the state government