| Friday, 3rd January 2020, 11:00 pm

'ഞാന്‍ പ്രസംഗിച്ചത് എന്റെ ഔചിത്യബോധമനുസരിച്ച്, വിമര്‍ശിക്കുന്നവര്‍ ആദ്യം ചരിത്രം പഠിക്കട്ടെ'; സി.പി.ഐക്ക് മറുപടിയുമായി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതില്‍ വിമര്‍ശനമുന്നയിച്ച സി.പി.ഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപരിഷ്‌കരണനിയമം നടപ്പാക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ ആദ്യഘട്ടം ഫലപ്രദമായി നടപ്പാക്കിയത് ഇ.എം.എസ് സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിലരെ പേരെടുത്ത് ആക്ഷേപിക്കാന്‍ തയ്യാറായില്ല എന്നത് ശരിയാണ്. കര്‍ഷകബന്ധ ബില്ലിനെ തകര്‍ക്കാന്‍ കൂട്ടുനിന്നവരുടെ പേര് എടുത്ത് പറയാന്‍ താന്‍ നിന്നില്ലെന്നും തന്റെ ഔചിത്യ ബോധമനുസരിച്ചാണ് താന്‍ പ്രസംഗിച്ചതെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ച പരിപാടിയില്‍ ഞാന്‍ സംസാരിച്ചപ്പോള്‍ എന്തോ മഹാപരാധം സംഭവിച്ചു എന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇത് ചരിത്രം അറിയാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ പഠിക്കാത്തതുകൊണ്ട്. ചരിത്രം സാവകാശം ഇരുന്ന് പഠിച്ച് മനസ്സിലാക്കിയാല്‍ ഇത്തരമൊരു ആരോപണമോ ആക്ഷേപമോ ഉന്നയിക്കാനാകില്ല’, പിണറായി വിജയന്‍ പറഞ്ഞു.

‘ആ യോഗത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് വലിയ തോതില്‍ പറഞ്ഞില്ല. കാരണം അതൊരു ഔദ്യോഗിക പരിപാടിയായിരുന്നു. എല്ലാവരും പങ്കെടുത്ത പരിപാടി. ഇ.എം.എസും ഗൗരിയമ്മയും എല്ലാം എന്റെ സംഭാഷണത്തില്‍ കടന്നുവന്നു. അതെന്റെ ഔചിത്യബോധം. ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരാള്‍ക്ക് മുറിവേല്‍ക്കുന്ന തരത്തില്‍ സംസാരിക്കണ്ട എന്ന് കരുതിയാണ്. അത് മനസ്സിലാക്കണമെങ്കില്‍ അതിനുള്ള വിവേകം ഇത് പ്രചരിപ്പിച്ചവര്‍ക്ക് ഉണ്ടാകണമായിരുന്നു. അതില്ലെങ്കില്‍ പരിതപിച്ചിട്ടേ കാര്യമുള്ളു’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘മറ്റു ചിലരെ ഞാന്‍ വിട്ടുകളഞ്ഞു എന്നാണ്. അതും ശരിയാണ്. അവരെ പേര് പറഞ്ഞ് ആക്ഷേപിക്കാന്‍ നിന്നില്ല. 1959ല്‍ ഇ.എം.എസ് സര്‍ക്കാരാണ് കാര്‍ഷികബന്ധ ബില്ല് പാസാക്കിയത്. അടുത്ത നാളുകളില്‍ ആ സര്‍ക്കാരിനെ പിരിച്ചുവിട്ട തീയതിയും മാസവും വര്‍ഷവും എല്ലാം ഞാന്‍ പറഞ്ഞു. അതിന് ശേഷം ഇവിടെ ഗവണ്‍മെന്റുകളുണ്ടായി.’

‘1967ന് മുമ്പുള്ള ഗവണ്‍മെന്റുകളില്‍ അന്നത്തെ കാര്‍ഷികബന്ധ ബില്ല് തകര്‍ക്കുന്നവര്‍ക്ക് നേതൃത്വം കൊടുത്തുവരുടെ ചരിത്രത്തിലേക്ക് ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഞാന്‍ പോയില്ല. കാരണം, നേരത്തെ പറഞ്ഞതുതന്നെ’, അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂപരിഷ്‌കരണം നടപ്പാക്കിയത് സംബന്ധിച്ച് മറക്കരുതാത്ത മറ്റൊരു പേരുണ്ട്. അത് എ.കെ.ജിയുടേതാണ്. എ.കെ.ജിയുടെ സമരപ്രഖ്യാപനം കൊണ്ടുകൂടിയാണ് ഭൂപരിഷ്‌കരണം ഐക്യകേരളത്തില്‍ നടപ്പായത്. അതും പരാമര്‍ശിച്ചു. അതില്ലെങ്കില്‍ നീതികേടായേനെ. അതില്‍ എന്താണ് തെറ്റെന്നും പിണറായി വിജയന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍നിന്നും സി.അച്യുതമേനോനെ ഒഴിവാക്കിയതിനെ കുറ്റപ്പെടുത്തി സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗം എഴുതിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more