കണ്ണൂര്‍: ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതില്‍ വിമര്‍ശനമുന്നയിച്ച സി.പി.ഐക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപരിഷ്‌കരണനിയമം നടപ്പാക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ ആദ്യഘട്ടം ഫലപ്രദമായി നടപ്പാക്കിയത് ഇ.എം.എസ് സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിലരെ പേരെടുത്ത് ആക്ഷേപിക്കാന്‍ തയ്യാറായില്ല എന്നത് ശരിയാണ്. കര്‍ഷകബന്ധ ബില്ലിനെ തകര്‍ക്കാന്‍ കൂട്ടുനിന്നവരുടെ പേര് എടുത്ത് പറയാന്‍ താന്‍ നിന്നില്ലെന്നും തന്റെ ഔചിത്യ ബോധമനുസരിച്ചാണ് താന്‍ പ്രസംഗിച്ചതെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ച പരിപാടിയില്‍ ഞാന്‍ സംസാരിച്ചപ്പോള്‍ എന്തോ മഹാപരാധം സംഭവിച്ചു എന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. ഇത് ചരിത്രം അറിയാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ പഠിക്കാത്തതുകൊണ്ട്. ചരിത്രം സാവകാശം ഇരുന്ന് പഠിച്ച് മനസ്സിലാക്കിയാല്‍ ഇത്തരമൊരു ആരോപണമോ ആക്ഷേപമോ ഉന്നയിക്കാനാകില്ല’, പിണറായി വിജയന്‍ പറഞ്ഞു.
‘ആ യോഗത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് വലിയ തോതില്‍ പറഞ്ഞില്ല. കാരണം അതൊരു ഔദ്യോഗിക പരിപാടിയായിരുന്നു. എല്ലാവരും പങ്കെടുത്ത പരിപാടി. ഇ.എം.എസും ഗൗരിയമ്മയും എല്ലാം എന്റെ സംഭാഷണത്തില്‍ കടന്നുവന്നു. അതെന്റെ ഔചിത്യബോധം. ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരാള്‍ക്ക് മുറിവേല്‍ക്കുന്ന തരത്തില്‍ സംസാരിക്കണ്ട എന്ന് കരുതിയാണ്. അത് മനസ്സിലാക്കണമെങ്കില്‍ അതിനുള്ള വിവേകം ഇത് പ്രചരിപ്പിച്ചവര്‍ക്ക് ഉണ്ടാകണമായിരുന്നു. അതില്ലെങ്കില്‍ പരിതപിച്ചിട്ടേ കാര്യമുള്ളു’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.