തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തില്ലങ്കേരിയില്‍ രക്തസാക്ഷി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ പദ്ധതിക്ക് വേണ്ടി വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ വഴിയാധാരമാകില്ല. അതിനുള്ള ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേരളം മാറണമെങ്കില്‍ വന്‍കിട പദ്ധതികള്‍ വരണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. കേരളത്തില്‍ ഒന്നും നടക്കരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. മറ്റ് നാടുകളിലെ വികസനം കണ്ട് അന്ധാളിച്ച് നില്‍ക്കേണ്ടവരല്ല മലയാളികള്‍.
നല്ല നാളെയിലേക്കാണ് കേരളം നടന്ന് നീങ്ങുന്നത്. ചിലര്‍ എതിര്‍ക്കുന്നു എന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി കാരണം ആരും വഴിയാധാരമാകില്ലെന്ന് ഉറപ്പുനല്‍കുന്നു. എന്തെങ്കിലും പാരിസ്ഥിതിക പ്രശ്നം ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. പിന്നെന്തിനാണ് ഗോ ഗോ വിളികളെന്നും മുഖ്യമന്ത്രി ചോദിച്ചു.
CONTENT HIGHLIGHTS: Pinarayi Vijayan has said that if any problems are resolved found in the environmental impact study related to the Silver Line project