തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. യാത്രയ്ക്കായി ഈ മാസം 23 മുതല്‍ മെയ് വരെ കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്.
ജനുവരിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമുള്ള തുടര്‍ ചികിത്സകള്‍ക്കായാണ് പോകുന്നത്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ നടത്തുന്നത്.
ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്.
തുക കിട്ടാനായി പുതിയ അപേക്ഷ സമര്‍പ്പിച്ച് പുതുക്കി ഉത്തരവിറക്കുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കുന്നതെന്നായിരുന്നു ഉത്തരവ്. മാര്‍ച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു.
തുടര്‍പരിശോധനയില്‍, ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നല്‍കിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടയ്ക്കണമെന്ന് ആദ്യം ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസാണ് സാധാരണ രീതിയില്‍ മുഖ്യമന്ത്രിക്കു വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു അപേക്ഷ സമര്‍പ്പിച്ചതായാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. തുടര്‍പരിശോധനയില്‍, ക്രമപ്രകാരമല്ലാതെ തുക മാറി നല്‍കിയതായി കണ്ടെത്തിയാല്‍ തിരിച്ചടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വസ്തുതാപരമായ ഇത്തരം പിശകുകള്‍ ഉത്തരവില്‍ കടന്നുകൂടിയത് കൊണ്ടാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
കഴിഞ്ഞ തവണ മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയപ്പോള്‍ മുഖ്യമന്ത്രിയുടെ പകരക്കാരനായി ആരേയും ചുമതലപ്പെടുത്തിയിരുന്നില്ല. ഇതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Content Highlights: Pinarayi Vijayan going to US for treatment