| Friday, 7th June 2019, 2:44 pm

പ്രശസ്തിക്കും വ്യക്തി വൈരാഗ്യം തീര്‍ക്കാനും കോടതിയെ കരുവാക്കരുത്: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്‌ക്കെതിരായ ഹരജിയില്‍ അഭിഭാഷകന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുള്ള ഹരജിയില്‍ ഹരജിക്കാരനും അഭിഭാഷകനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

പ്രശസ്തിക്ക് വേണ്ടിയും വ്യക്തി വൈരാഗ്യം തീര്‍ക്കാനും കോടതിയെ കരുവാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

അഭിഭാഷകന്‍ വിശദീകരണം നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പൊതുഖജനാവില്‍ നിന്ന് പണം ചെലവിട്ട് വിദേശയാത്രകള്‍ നടത്തിയെന്ന് ആരോപിച്ചും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുമാണ് കന്യാകുമാരി സ്വദേശി ഡി. ഫ്രാന്‍സിസ് ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന് കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്. അഭിഭാഷകന് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യം എന്തെന്ന് ഹൈക്കോടതി ചോദിച്ചു.

ഹര്‍ജിക്കാവശ്യമായ രേഖകള്‍ ഹര്‍ജിക്കാരന്‍ ശേഖരിക്കേണ്ടതിനു പകരം അഡ്വക്കേറ്റ് ശേഖരിച്ചത് എന്തിനെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ അഭിഭാഷകന്‍ വിശദീകരണം നല്‍കണമെന്നും പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കുകയാണെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തതിനും കേന്ദ്രാനുമതി ഉണ്ട്. വഴിച്ചെലവിന് ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും ഇത് ചെലവാക്കിയില്ല. ഈ തുക യാത്ര കഴിഞ്ഞതിന് പിന്നാലെ ഖജനാവിലേക്ക് തിരിച്ചടച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.

വിദേശയാത്ര സര്‍ക്കാരുകളുടെ അനുമതിയോടെ ആണങ്കില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ഇടപെടാന്‍ അവകാശമില്ലന്ന് ഇതിനിടെ കോടതി അഭിപ്രായപ്പെട്ടു. കേസ് 27 ന് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അന്ന് കോടതിയില്‍ വിശദീകരണം നല്‍കണം.

We use cookies to give you the best possible experience. Learn more