| Thursday, 24th December 2020, 9:08 pm

മുസ്‌ലിം ലീഗ് അക്രമത്തിന്റെ പാതയിലാണ്; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബുധനാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.

അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദിനെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.

ഇര്‍ഷാദാണ് പ്രതിയെന്ന ഔഫിന്റെ സുഹൃത്ത് ഷുഹൈബിന്റെ മൊഴിയിലാണ് കേസ്. ഷുഹൈബിനും ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്. കൊലപാതകം ആസൂത്രിതമാണെന്ന് ഔഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച മറ്റൊരു സുഹൃത്ത് റിയാസ് പറഞ്ഞിരുന്നു.

തലയ്ക്ക് പരിക്കേറ്റ ഇര്‍ഷാദ് ചികിത്സയിലാണ്. മുണ്ടത്തോട്ടെ മുസ്‌ലിം ലീഗ് വാര്‍ഡ് സെക്രട്ടറിയാണ് ഇര്‍ഷാദ്. ഇയാളെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pinarayi Vijayan Facebook Post On Kanjangad Dyfi Follower Death

We use cookies to give you the best possible experience. Learn more