അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങിനില്‍ക്കും; അനില്‍ പനച്ചൂരാന് ആദരാഞ്ജലികളര്‍പ്പിച്ച് മുഖ്യമന്ത്രി
Obituary
അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങിനില്‍ക്കും; അനില്‍ പനച്ചൂരാന് ആദരാഞ്ജലികളര്‍പ്പിച്ച് മുഖ്യമന്ത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd January 2021, 11:28 pm

തിരുവനന്തപുരം: പ്രശസ്ത കവി അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക മേഖലയ്‌ക്കേറ്റ ഏറ്റവും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും’, അദ്ദേഹം ഫേസ്ബുക്കിലെഴുതി.

കൊവിഡ് ബാധിതനായിരുന്നു അനില്‍. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഞായറാഴ്ച രാത്രി 8.10 ഓടെ മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തുമ്പോള്‍ അദ്ദേഹം ബോധരഹിതനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍

അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, ഭ്രമരം, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നും, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി.

വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍

 

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക – സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pinarayi Vijayan Facebook Post