ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ അനിശ്ചിതകാല സമരം നടത്തുന്ന കെജ്‌രിവാളിന് പിന്തുണ അര്‍പ്പിക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മോദി ഭരണത്തെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. രാജ്യത്ത് ഭരണം നടത്തുന്ന ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയുടെയും ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെയും കെട്ടുറപ്പ് നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
രാജ്യത്ത് ജനാധിപത്യവിശ്വാസികള്‍ കുറഞ്ഞിട്ടില്ല. അവരുടെ പിന്തുണ എപ്പോഴും കെജ്‌രിവാളിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയെ തകര്‍ത്ത് തങ്ങളുടെ കീഴില്‍ കൊണ്ടുവരാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ടാണ് കെജ്‌രിവാളിന്റെ സമരത്തെ കണ്ടില്ലെന്ന് സര്‍ക്കാര്‍ നടിക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
ALSO READ: കെജ്‌രിവാളിന്റെ സമരത്തെ തള്ളി കോണ്‍ഗ്രസ്; സമരം ഏറ്റെടുക്കാനൊരുങ്ങി മറ്റ് പ്രതിപക്ഷ കക്ഷികള്‍
അതേസമയം അരവിന്ദ് കെജ് രിവാളിനെ കാണാന്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ നാല് മന്ത്രിമാര്‍ ഇന്നലെയെത്തിയിരുന്നു. പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയത്.
എന്ത് വിഷയം സംബന്ധിച്ചാണ് ചര്‍ച്ച നടന്നത് എന്നത് ഇനിയും വ്യക്തമല്ല. ബംഗാളില്‍ തൃണമൂല്‍-സി.പി.ഐ.എം സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥ ആവുമ്പോഴും പിണറായി വിജയന്‍ മമതാ ബാനര്‍ജി ഉള്‍പ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തത് കൗതുകമായി.
നേരത്തെ ദല്‍ഹിയില്‍ സമരം നടത്തിക്കൊണ്ടിരിക്കുന്ന അരവിന്ദ് കെജ്രിവാളിനെ സന്ദര്‍ശിക്കുന്നതില്‍ നിന്നും മമതാ ബാനര്‍ജിയേയും ചന്ദ്രബാബു നായിഡുവിനേയും ലഫ്റ്റനന്റ് ഗവര്‍ണര്‍ വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖമന്ത്രിമാരുടെ കൂടിക്കാഴ്ച.