ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രായമായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷനും നല്‍കുമെന്ന് മുഖ്യമന്ത്രി
Kerala
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രായമായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷനും നല്‍കുമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th May 2017, 5:44 pm

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലിംഗനീതിയുടെ കാര്യത്തില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ മേഖലകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുടെ പ്രാതിനിിധ്യം ഉണ്ടാകണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഈ വര്‍ഷത്തെ ബജറ്റില്‍ ട്രാന്‍സസ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ആരോഗ്യസഹായം എന്നിവ നല്‍കുന്നതിനും മറ്റുമായി പത്തുകോടി രൂപ അധികമായി വകയിരുത്തിയിരുന്നു.


Also Read: ‘ചേച്ചീ കുറച്ചൂടെ ഗ്ലാസ് ഇടട്ടെ’; ഗ്ലാസ് തിന്നുന്ന വീഡിയോ പോസ്റ്റ് ചെയ്ത ലെനയ്ക്ക് വന്‍വരവേല്‍പ്പുമായി ട്രോള്‍ ലോകം


അറുപതുവയസ്സിന് മുകളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പെന്‍ഷനും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ സമൂഹത്തില്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്. കേരളത്തെപ്പോലെ പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന് ചേരുന്നതല്ല അത്തരം മുന്‍വിധികളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ജീവനക്കാരായി നിയമിക്കാനുള്ള തീരുമാനം നേരത്തേ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി 23 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കിയിരുന്നു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുവാനുതകുന്ന ഒരു നയം നടപ്പിലാക്കുമെന്നായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് വേണ്ടി കുറേയേറെ കാര്യങ്ങള്‍ ചെയ്യുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

രാജ്യത്താദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായുള്ള കായികമേള കേരളത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇത് എല്ലാ വര്‍ഷവും നടത്തുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം ഉദ്ഘാടനം ചെയ്യുവാന്‍ പോകുന്ന കൊച്ചി മെട്രോയില്‍ 23 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ജോലി നല്‍കിക്കൊണ്ട് ലിംഗനീതിയുടെ ഒരു പുതിയ അധ്യായം തുറക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. എല്ലാ മേഖലയിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.


Don”t Miss: മോഷണം; അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ


ഈ വര്‍ഷത്തെ ബജറ്റില്‍ (2017-18) ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ആരോഗ്യസഹായം എന്നിവ നല്‍കുന്നതിനും മറ്റുമായി പത്തുകോടി രൂപ അധികമായി വകയിരുത്തിയിരുന്നു. അറുപതുവയസ്സിന് മുകളിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പെന്‍ഷനും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ സമൂഹത്തില്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്. കേരളത്തെപ്പോലെ പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന് ചേരുന്നതല്ല അത്തരം മുന്‍വിധികള്‍. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരേ പോലെ ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും.