| Friday, 10th March 2023, 11:26 pm

ത്രിപുരയില്‍ സംഘപരിവാര്‍ തേര്‍വാഴ്ച; പ്രതിപക്ഷ എം.പിമാര്‍ക്ക് നേരെയുള്ള അക്രമത്തില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ക്കുനേരെ ത്രിപുരയില്‍ അരങ്ങേറുന്നത്. പൊലീസ് നിഷ്‌ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ്.

ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുനസ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം,’ മുഖ്യമന്ത്രി പറഞ്ഞു.

ത്രിപുരയില്‍ എളമരം കരീം എം.പി അടക്കമുള്ള സി.പി.ഐ.എം- കോണ്‍ഗ്രസ്
നേതാക്കള്‍ക്ക് നേരെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്രമപ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാന്‍ നേരിട്ടെത്തിയതായിരുന്നു നേതാക്കള്‍.

എളമരം കരീമിനൊപ്പം സി.പി.ഐ.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എ.ഐ.സി.സി സെക്രട്ടറി അജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ബി.ജെ.പി ഗുണ്ടാ രാജാണ് ത്രിപുരയില്‍ നടക്കുന്നതെന്ന് സംഭവത്തിന് ശേഷം എളമരം കരീം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സംഭവത്തില്‍ പൊലീസ് ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടായില്ലെന്നും ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനും, പാര്‍ട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതെന്ദ്ര ചൗധരി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എം.പി അബ്ദുള്‍ ഖാലിക് എന്നിവരും ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. അക്രമികള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമവും ഉണ്ടായി.

പൊലീസ് ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടായില്ല. ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്. ബി.ജെ.പി ഗുണ്ടാ രാജാണ് അവിടെ നടക്കുന്നത്. ഇത്തരം അക്രമം കൊണ്ടൊന്നും പ്രതിപക്ഷ എം.പിമാരുടെ സന്ദര്‍ശനം തടയാനാകില്ല. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണ്,’ എളമരം കരീം പറഞ്ഞു.

Content Highlight: Pinarayi Vijayan expressed strong protest against the attack on the fact-finding team of opposition MPs visiting areas affected by gang violence in Tripura

We use cookies to give you the best possible experience. Learn more