| Tuesday, 16th October 2018, 7:15 pm

ഓര്‍ഡിനന്‍സ് കൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ വിധിയെ മറികടക്കാന്‍ കഴിയില്ല; കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല ഉത്തരവില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. കോടതി വിധിയെ മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ മറികടക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ തത്വത്തിലുള്ള ഒരു തീരുമാനം നിയമനിര്‍മ്മാണത്തിലൂടെ മറികടക്കാനാവില്ല. ഭരണഘടനാ വിരുദ്ധമെന്ന് കോടതി പറഞ്ഞതിനെ നിയമംകൊണ്ട് മറികടക്കാന്‍ സാധിക്കില്ലെന്ന് നിയമ പരിജ്ഞാനമില്ലാത്തവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി എന്താണോ അത് നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. സ്ത്രീകള്‍ പോകേണ്ട എന്ന് കോടതി വിധിച്ചാല്‍ അതിനൊപ്പവും നില്‍ക്കും. അതുകൊണ്ടാണ് പുനഃപരിശോധന ഹര്‍ജിക്ക് സര്‍ക്കാര്‍ പോകുന്നില്ല എന്ന് പറഞ്ഞതെന്നും പിണറായി പറഞ്ഞു.

കേസുകളുടെ ചരിത്രമെടുത്താല്‍ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമനിര്‍മ്മാണം നടത്തുകയോ ഉത്തരവിറക്കുകയോ ചെയ്തിട്ടില്ല.

മതനിരപേക്ഷത എന്ന് പറയുന്നത് ഏതൊരാള്‍ക്കും അയാളുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശമാണ്. മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും മതനിരപേക്ഷത അനുവദിക്കുന്നുണ്ട്.

കഴിഞ്ഞ കാല ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് കീഴില്‍ വിശ്വാസികളെ പോറലേല്‍പ്പിക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരു വിശ്വാസിക്ക് സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നവരാണ് തങ്ങള്‍. വിശ്വാസം ആക്രമിക്കപ്പെട്ടപ്പോള്‍ മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടവരാണ് തങ്ങള്‍.

കേരളത്തില്‍ കൂടുതലും വിശ്വസികളാണുള്ളത്. ഇടതുപക്ഷ മുന്നണിയിലും വിശ്വാസികള്‍ തന്നെയാണ് കൂടുതല്‍. വിശ്വാസികളായവര്‍ അവനവന്റെ വിശ്വാസമനുസരിച്ചും അല്ലാത്തവര്‍ക്ക് മറിച്ചും ജീവിക്കാനുള്ള അവകാശമുണ്ട്. ഇതിന് വേണ്ടിയാണ് എല്ലാ കാലത്തും എല്‍.ഡി.എഫ് നിലകൊണ്ടിട്ടുള്ളത്.

ശബരിമലയില്‍ 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ പോകാന്‍ പാടുണ്ടോ എന്നതാണ് പ്രശ്‌നം. ഇത് ഇപ്പോള്‍ മാത്രം ഉയര്‍ന്ന് വന്നിട്ടുള്ളതല്ല.

ആര്‍എസ്എസിന്റെ ഭാഗമായി നില്‍ക്കുന്നവരാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് 2006-ല്‍ സുപ്രീംകോടതിയില്‍ പോയത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി. ഇതിനാല്‍ സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കേണ്ട ബാധ്യതയുണ്ടായി. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. 2011-ല്‍ എല്‍ഡിഎഫ് മാറി യുഡിഎഫ് വന്നു. യുഡിഎഫ് ഭരിച്ച അഞ്ച് വര്‍ഷത്തിന്റെ അവസാനം വരെ നേരത്തെയുള്ള സത്യവാങ്മൂലം മാറ്റാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവര്‍ പുതിയ സത്യവാങ്മൂലം നല്‍കി.

ഈ ഘട്ടത്തിലും ദേവസ്വം ബോര്‍ഡ് നിലവിലുള്ള സ്ഥിതിയെ അനുകൂലിച്ചിരുന്നു. നിരവധിപേര്‍ കേസില്‍ കക്ഷിചേരുകയും ചെയ്തു. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും ഇതില്‍ കക്ഷി ചേര്‍ന്നില്ല. ഈ രണ്ടുകൂട്ടരും കോടതിക്ക് പുറത്ത് പരസ്യമായ നിലപാടെടുത്തു. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നായിരുന്നു കേസ് നടന്നുക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇരുവരും എടുത്തിരുന്നത്.

അടിസ്ഥാനപരമായ പ്രശ്‌നം പുരുഷനും സ്ത്രീക്കും തുല്യാവകാശം ഉണ്ടോയെന്നാണ്. അതായിരുന്നു എല്‍ഡിഎഫിന്റെ സമീപനം. അതുക്കൊണ്ട് നേരത്തെയുള്ള വി.എസ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനൊപ്പം ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ളവരെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളേയും കോടതി തന്നെ നിയമിച്ച് അഭിപ്രായം തേടുന്നതാവും നല്ലതെന്നും ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്റെ പ്രശ്നമായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഈ വിഷയത്തില്‍ ഒരു നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എല്ലാം പരിശോധിച്ച് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി എന്താണോ അത് നടപ്പാക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതെന്നും പിണറായി പറഞ്ഞു.

സുപ്രീംകോടതി വിധി സാധാരണ നിലക്ക് രാജ്യത്ത് എല്ലാവര്‍ക്കും ബാധകമായ ഒന്നാണ്. സര്‍ക്കാരിനും അങ്ങനെയാണ്. സര്‍ക്കാരിനെ തെറി പറഞ്ഞതുകൊണ്ടോ കുറ്റംപറഞ്ഞതുകൊണ്ടോ മറ്റൊരു നിലപാട് എടുക്കാനാകില്ല. നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ മുന്നോട്ട് പോകാനാകൂ. ഇങ്ങനെയാണെങ്കിലും ഇതുമായി ബന്ധപ്പെട്ടവരെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നാല്‍ രാജകുടുംബവും തന്ത്രികുടുംബവും വന്നില്ല. അത് അവരുടെ താത്പര്യമാണ്. സര്‍ക്കാര്‍ വിളിച്ചത് കൊണ്ട് അവര്‍ വരണമെന്നില്ല.

വിശ്വാസികളുമായി ഏറ്റമുട്ടാന്‍ തയ്യാറല്ല സര്‍ക്കാര്‍. ഏത് വിശ്വാസിക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ സഹായിക്കുന്ന ഉറച്ച നിലപാടുള്ളവരാണ്. എന്നാല്‍ ഞങ്ങളുടെ വിശ്വാസമനുസരിച്ചേ ജീവിക്കാന്‍ പാടുള്ളൂ നിന്റെയൊന്നും വിശ്വാസം ഇവിടെ പാടില്ലെന്ന് പറഞ്ഞ് ആക്രമിച്ചവരെ നേരിടാന്‍ ഞങ്ങള്‍ അറച്ചു നിന്നിട്ടില്ല. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more