| Monday, 9th October 2017, 10:01 pm

ഇതരസംസ്ഥാന തൊഴിലാളികള്‍ മലയാളികള്‍ക്ക് സഹോദരന്മാരെ പോലെ; കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനുമുള്ള ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണമാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് പ്രചാരണം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇത് കൂടുതലും നടക്കുന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നില്‍. അദ്ദേഹം പറഞ്ഞു.

സത്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ചികിത്സാ സഹായവും അപകട ഇന്‍ഷൂറന്‍സും ഇതില്‍പെടും. ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരിച്ച സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളെ സഹായിച്ചത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരോട് ഇത്രയും പരിഗണന കാണിച്ചിട്ടില്ല. അദ്ദേഹം വ്യക്തമാക്കി


Also Read അലിഗഡ് ബനാറസ് യൂണിവേഴ്‌സിറ്റികളിലെ ‘മുസ്ലിം’, ‘ഹിന്ദു’ പേരുകള്‍ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍


ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് മലയാളികള്‍ കാണുന്നത്. വാസ്തവം ഇതായിരിക്കെ ദുഷ്പ്രചാരണം നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല.സമൂഹ മാധ്യമങ്ങള്‍ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ കൂട്ടത്തോടെ കൊലചെയ്യുന്നെന്ന വ്യാജ പ്രചരണങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കേരളത്തില്‍ ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ചിത്രം വെച്ചാണ് പ്രചരണമെന്നാണ് റിപ്പോര്‍ട്ടുകള്‍

We use cookies to give you the best possible experience. Learn more