തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്കു വല്ലാത്ത പരിവേഷം ചാര്‍ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ചുകൊണ്ട് നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മാവോയിസ്റ്റുകള്‍ ‘അയ്യാ അല്‍പ്പം അരി താ’ എന്നു പറയുന്നവര്‍ മാത്രമല്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
‘നിരോധിത സംഘടനയില്‍പ്പെട്ടവരെ എല്ലാം വെടിവെച്ചുകൊല്ലല്‍ സര്‍ക്കാര്‍ നയമല്ല. മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വനമേഖലയിലേക്കു പോയപ്പോള്‍ വീണ്ടും മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു.
കോടതി നിര്‍ദ്ദേശം സ്വീകരിച്ച്, ഇത്തരം സംഭവങ്ങളില്‍ അനുശാസിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.’- അദ്ദേഹം പറഞ്ഞു.
ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും പിണറായി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.
നടന്നത് നാടകീയ സംഭവങ്ങളാണെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ശൂന്യവേളയായിരുന്നു മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
വ്യാജ ഏറ്റുമുട്ടലാണെന്ന ആക്ഷേപം ഉണ്ടെന്ന് ലീഗ് എം.എല്‍.എ ഷംസുദ്ദീന്‍ പറഞ്ഞു.
കാണുന്ന മാത്രയില്‍ വെടിവെച്ച് കൊല്ലുന്നതാണോ ഇടതുനയമെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരു വശത്ത് മാത്രമേ പരിക്കുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.