തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മുസ്‌ലിം ജനതയ്ക്ക് എതിരല്ലെന്ന് പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാം ലീലയില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്ന് പറയുന്ന പ്രധാനമന്ത്രി അത് പ്രവൃത്തിയില്‍ തെളിയിക്കേണ്ടതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെയാണ് അയോഗ്യമാകുന്നതെന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. വസ്തുനിഷ്ഠമായ മറുപടികള്‍ക്കു പകരം വികാര പ്രകടനം കൊണ്ട് നേരിടുന്നത് ആശ്വാസ്യമായ രീതിയല്ല. നോട്ടു നിരോധന കാലത്ത് അമ്പത് ദിവസം തരൂ എന്ന് എന്ന് പ്രസംഗിച്ച അതേ വികാരപ്രകടനമാണ് ഇപ്പോഴും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കാണാനാവുന്നതെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,
‘ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.
തെറ്റായ സമീപനത്തെയും വര്‍ഗീയ നീക്കങ്ങളെയും കുറിച്ച് ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തുനിഷ്ഠമായ മറുപടികള്‍ക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ മൂടിവെക്കാന്‍ എന്തിനു ശ്രമിക്കുന്നു?
ഇന്ത്യന്‍ ഭരണഘടനയെയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും നെഞ്ചേറ്റുകയാണ്. ആ വികാരത്തെ കുറച്ചുകാണരുത്; തെറ്റായി ചിത്രീകരിക്കുകയുമരുത്.
നോട്ട് നിരോധനകാലത്തു അമ്പതു ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല. അന്നത്തെ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നത്. കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ നിരത്തിയ പ്രതീകങ്ങള്‍. അവയുടെ ഇന്നത്തെ അവസ്ഥ എന്തായി എന്ന് കൂടി പ്രധാനമന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു.’