പിപ്പിടി കാട്ടിയാല്‍ ഭയന്ന് പോകുന്നവരല്ല സി.പി.ഐ.എമ്മുകാര്‍; എല്‍.ഡി.എഫ് സര്‍ക്കാരിനോട് ധൈര്യമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞത്: പിണറായി വിജയന്‍
Kerala News
പിപ്പിടി കാട്ടിയാല്‍ ഭയന്ന് പോകുന്നവരല്ല സി.പി.ഐ.എമ്മുകാര്‍; എല്‍.ഡി.എഫ് സര്‍ക്കാരിനോട് ധൈര്യമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞത്: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th April 2022, 9:55 pm

കണ്ണൂര്‍: സി.പി.ഐ.എമ്മിന് തുടര്‍ഭരണം കിട്ടിയത് ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിപ്പിടി കാട്ടിയാല്‍ ഭയന്ന് പോകുന്നവരല്ല സി.പി.ഐ.എമ്മുകാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാരിനോട് ധൈര്യമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടക്കുന്നവര്‍ ഇപ്പോഴും നാട്ടിലുണ്ട്, അവര്‍ മാറുന്നില്ല. കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്കാവുന്നുണ്ട്. തെറ്റിധാരണ പടര്‍ത്തലാണ് കമ്യൂണിസ്റ്റ് വിരുദ്ധരുടെ ലക്ഷ്യം. സി.പി.ഐ.എമ്മില്‍ വ്യത്യസ്ത ചേരി ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്.

കേരള ലൈന്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നു, ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറയുന്നു. വല്ലാത്ത ചിത്രം ഉയര്‍ത്തി കൊണ്ട് വന്നു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം തെറ്റാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നു എന്നും മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് കാലത്ത് വികസനം നടക്കാന്‍ പാടില്ലെന്നാണ് കമ്യൂണിസ്റ്റ് വിരുദ്ധരുടെ നിലപാട്. ദേശീയപാതാ വികസനം നല്ല രീതിയില്‍ നടക്കുന്നത് കാണുമ്പോള്‍ മനസില്‍ കുളിര്‍മയാണ്. നടക്കില്ലെന്നു പറഞ്ഞ കാര്യമാണ് നടക്കുന്നത്. ഗ്യാസ് പൈപ്പ് ലൈന്‍ നാട്ടില്‍ പൂര്‍ത്തിയായി. കുറച്ച് നാള്‍ കഴിയുമ്പോള്‍ പൈപ്പിലൂടെ ഗ്യാസ് എത്തും. ഗെയ്ല്‍ പദ്ധതി നടപ്പാക്കിയത് തെറ്റായിപ്പോയോ? ജലപാത ദശാബ്ദങ്ങളായുള്ള സ്വപ്നമാണ്. ഇപ്പോള്‍ പ്രവര്‍ത്തനം ത്വരിതഗതിയിലാണ്. അത് തെറ്റാണോ? കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികള്‍ നടത്തി.

യു.ഡി.എഫിന് അതിവേഗ റെയില്‍ ആകാം, എല്‍.ഡി.എഫ് ചെയ്യരുത് എന്നാണ് അവരുടെ നിലപാട്. എല്‍.ഡി.എഫ് കാലത്ത് ഒന്നും നടക്കാന്‍ പാടില്ല എന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്ന ന്യായം. രാഷ്ട്രീയമായി എതിര്‍ക്കാം, പക്ഷെ നാടിന്റെ വികസനത്തിനേ തടയാന്‍ നില്ക്കാമോ? ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക് നാടിന്റെ വികസനം ആണോ താല്‍പര്യം.

യഥാര്‍ത്ഥ പ്രശ്‌നം പ്രശ്‌നമായി ഉന്നയിക്കണം. കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കാന്‍ പ്രധാനമന്ത്രിയെ അടക്കം കണ്ടു. നാടിന്റെ വികസനത്തിന് എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. പ്രശ്‌നം പ്രശ്‌നമായി ഉന്നയിക്കുകയാണ് വേണ്ടത്, അല്ലാതെ വികസനത്തെ എതിര്‍ക്കലല്ല ചെയ്യേണ്ടത്. നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതാണ്. അത് നാളത്തെ തലമുറയ്ക്കായി വികസിക്കണം. ഒന്നിച്ചു നില്‍ക്കാം,’ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: Pinarayi Vijayan criticizing media