| Sunday, 10th April 2022, 2:58 pm

സ്ത്രീകള്‍ക്ക് വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവ്, ജോസഫൈന്റെ വേര്‍പാട് പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങള്‍ക്കും കനത്ത നഷ്ടം: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി. ജോസഫൈന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എമ്മിന്റെ സമുന്നത നേതാവായ എം.സി. ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈന്. വിദ്യാര്‍ഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളില്‍ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജോസഫൈന്റെ വേര്‍പാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങള്‍ക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നതതെന്നും സഖാവിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ഇരുപത്തിമൂന്നാം കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് സഖാവിന് ഹൃദയാഘാതമുണ്ടായത്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷന്‍ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകള്‍ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം ഊന്നിയുള്ളതായിരുന്നു.

വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോര്‍പറേഷന്റെയും വിശാലകൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവര്‍ നല്‍കിയത്, മുഖ്യമന്ത്രി പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ജോസഫൈന്റെ അന്ത്യം. മൃതദേഹം അഞ്ച് മണിയോടെ എറണാകുളത്തേക്ക് കൊണ്ടുപോകും. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസഫൈന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Content Highlights: Pinarayi Vijayan conveyed his condolences to MC Josephine

We use cookies to give you the best possible experience. Learn more