| Thursday, 23rd August 2018, 10:54 am

ഒന്നുകൊണ്ടും വിഷമിക്കരുത്, ഒരു കുടുംബമായി കഴിയൂ; സര്‍ക്കാര്‍ ഒപ്പമുണ്ട്; ചിരിച്ച്, ആശ്വസിപ്പിച്ച് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പ്രളയക്കെടുതിയില്‍പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നുകൊണ്ടും വിഷമിക്കരുതെന്നും സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നുമായിരുന്നു പിണറായിയുടെ വാക്കുകള്‍. തങ്ങളുടെ ആവലാതികളും സങ്കടങ്ങളും പങ്കുവെച്ചവരെ സാന്ത്വനിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ഇവിടെ കഴിയൂ..നമുക്ക് വീടുകളെല്ലാം വൃത്തിയാക്കിയ ശേഷം അവിടേക്ക് മാറാം. ” ഇവിടെ ഞങ്ങള്‍ക്ക് ജാതിയും മതവും ഒന്നുമില്ലെന്ന് പറഞ്ഞ ആളോട് അങ്ങനെയാണ് വേണ്ടതെന്നും ഒരു കുടുംബമായി തന്നെ എല്ലാവരും കഴിയണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.


“ഇതാ ഞങ്ങടെ നേതാവ്, ഞങ്ങടെ മുഖ്യമന്ത്രി” ; ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രിയെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് വീട്ടമ്മമാര്‍


വീടെല്ലാം ചെളികേറി നശിച്ചെന്നും തിരിച്ചുപോയാലും താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും പുതിയ വീട് തന്നെ വെക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും പലരും മുഖ്യമന്ത്രിയോട് പറഞ്ഞു. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുമെന്നും വിഷമിച്ചിരിക്കേണ്ട സമയമല്ല ഒരേ മനസോടെ എല്ലാത്തിനേയും അതിജീവിക്കേണ്ട സമയമാണെന്നും പിണറായി പറഞ്ഞു.

മുഖ്യന്‍ ഞങ്ങളെ നേരിട്ട് കാണാന്‍ വന്നതില്‍ സന്തോഷം രേഖപ്പെടുത്തിയവരോട് നിങ്ങളെ കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ താനും സന്തോഷത്തിലാണെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.

രാവിലെ 8.45ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി കാര്‍ ഉപേക്ഷിച്ച് കാല്‍നടയായാണ് ദുരിതബാധിതരുടെ അടുത്തേക്കുപോയത്. മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും നടന്നു പോകാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.

മന്ത്രി ഇ.ചന്ദ്രശേഖരന്‍, സജി ചെറിയാന്‍ എം.എല്‍എ, കലക്ടര്‍ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ക്യാമ്പിലേക്ക് എത്തുമെന്ന് അറിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ക്യാമ്പിലുള്ള ഓരോരുത്തരും

മുഖ്യമന്ത്രിയെ കണ്ട ഉടനെ തന്നെ ഫോണില്‍ ചിത്രം പകര്‍ത്താനായി അവരുടെ ശ്രമം. ഇതാ ഞങ്ങടെ നേതാവ് ഇതാ ഞങ്ങടെ മുഖ്യമന്ത്രി എന്ന് പറഞ്ഞായിരുന്നു അവര്‍ പിണറായിയെ സ്വീകരിച്ചത്.

“എല്ലായിടത്തും വെള്ളം കേറി സാറേ.. വീടും സാധനങ്ങളും എല്ലാം നഷ്ടമായി.സര്‍ക്കാര്‍ കൂടെയുള്ളതോണ്ടാ ഞങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും നില്‍ക്കാന്‍ കഴിയുന്നത്” എന്ന് സ്ത്രീകള്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ എല്ലാം നമുക്ക് നേരെയാക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
സര്‍ക്കാര്‍ കൂടെയുണ്ടെന്നും മുഖ്യമന്ത്രി നമുക്ക് വേണ്ടി എല്ലാകാര്യങ്ങളും ചെയ്യുമെന്നും സജി ചെറിയാനും ക്യാമ്പിലുള്ളര്‍ക്ക് ഉറപ്പു നല്‍കി.

We use cookies to give you the best possible experience. Learn more