തിരുവനന്തപുരം: ആലപ്പുഴയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ഡി.വൈ.എഫ്.ഐ സന്നദ്ധ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘പുന്നപ്രയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസ തടസ്സം അനുഭവപ്പെട്ട കൊവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ട് ചെറുപ്പക്കാരുടെ സന്നദ്ധതയെയാണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നതായാണ് മനസിലാകുന്നത്. അങ്ങനെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച യുവതീ യുവാക്കളെ ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു,’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇപ്പോള്‍ മുന്നോട്ട് പോകുന്നത് അസാധാരണ സാഹചര്യമാണെന്നും അതിനാല്‍ തന്നെ പലപ്പോഴും സൗകര്യങ്ങള്‍ പോരാതെ വന്നേക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
ഓക്‌സിജന്‍ ഇല്ല, ശ്മശാനങ്ങളില്‍ ക്യൂ, കൊവിഡ് രോഗിയെ ബൈക്കില്‍ കൊണ്ടു പോയി തുടങ്ങിയ വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിതനായ 37 കാരനെയാണ് സന്നദ്ധ പ്രവര്‍ത്തകരായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സ് വരാന്‍ കാത്തു നില്‍ക്കാതെ മെഡിക്കല്‍ കോളെജിലെത്തിച്ചത്. ആംബുലന്‍സ് എത്താന്‍ പത്ത് മിനുട്ട് വൈകുമെന്നതിനാലാണ് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അശ്വിനും രേഖയും പറഞ്ഞിരുന്നു.
ഇരുവരും രോഗികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ എത്തിയതായിരുന്നു. ഭക്ഷണം നല്‍കുന്നതിനിടെ മൂന്നാം നിലയിലുള്ള രോഗി ശ്വാസം മുട്ടുന്നതായി അവിടെയുള്ളവര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഓടിയെത്തിയ ഇവര്‍ അവശനിലയിലായ രോഗിയെ കാണുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 10 മിനുട്ട് എടുക്കുമെന്ന് അറിയിച്ചതിനാലാണ് സമയം പാഴാക്കാതെ പി.പി.ഇ കിറ്റ് ധരിച്ച് രോഗിയെ ഇരുവരും ചേര്‍ന്ന് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pinarayi Vijayan congratulates DYFI workers for Helping covid patient