| Sunday, 17th March 2019, 9:42 pm

ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും തന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചു; പരീക്കറിന് അനുശോചനമറിയിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഭരണ രംഗത്ത് പരീക്കര്‍ തന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നെന്നും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.

പരീക്കറിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

പൊതു ജീവിതത്തില്‍ ആത്ഥമാര്‍ഥതയുടേയുംസമര്‍പ്പണത്തിന്റെയും സംക്ഷിപ്തരൂപമായിരുന്നു പരീക്കറെന്ന് രാഷ്ട്രപതി പറഞ്ഞു.

ഒരു വര്‍ഷത്തോളം അസുഖത്തോട് ധീരമായി പോരാടി മരണത്തിന് കീഴടങ്ങിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തില്‍ ഞാന്‍ അതീവ ദുഖിതനാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

“ഒരു വര്‍ഷത്തോളം അസുഖത്തോട് ധീരമായി പോരാടി മരണത്തിന് കീഴടങ്ങിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തില്‍ ഞാന്‍ അതീവ ദുഖിതനാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ബഹുമാനിക്കപ്പെട്ട അദ്ദേഹം, ഗോവയുടെ പ്രിയപ്പെട്ട പുത്രന്മാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാന്‍ പങ്കു ചേരുന്നു” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം.

രോഗബാധിതനായിരിക്കെ പരീക്കറിനെ രാഹുല്‍ ഗാന്ധി ഗോവയിലെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. മോദി സര്‍ക്കാറിന്റെ വിവാദമായ റഫാല്‍ കരാര്‍ ഒപ്പു വെച്ചതും മനോഹര്‍ പരീക്കര്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ ആയിരുന്നു. രാഹുല്‍ ഗാന്ധിയും പരീക്കറും റഫാല്‍ വിഷയത്തില്‍ മുമ്പ് വാഗ്വാദങ്ങളിലേര്‍പ്പെടുകയും ചെയ്തിരുന്നു.

പ്രാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികില്‍സയില്‍ കഴിഞ്ഞ മനോഹര്‍ പരീക്കര്‍ 63ാം വയസ്സിലാണ് അന്തരിച്ചത്. മൂന്നുവട്ടം ഗോവ മുഖ്യമന്ത്രിയായും 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്നു അദ്ദേഹം.

മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമായ അവസ്ഥയിലാണെന്ന് നേരത്തെ ഗോവ വിധാന്‍ സഭ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പരീക്കറിനു പകരം മറ്റൊരാളെ കണ്ടെത്തുമെന്നും ലോബോ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു എന്നാണ് പരീക്കറുടെ മുഴുവന്‍ പേര്. ഗോവ മപുസയില്‍ 1955ല്‍ ജനിച്ച പരീക്കര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഐ.ഐ.ടി ബോബെയില്‍നിന്ന് ബിരുദം നേടി. വിദ്യാഭ്യാസത്തിനൊപ്പം ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു പരീക്കര്‍.

ഭാരതീയ ജനതാപാര്‍ട്ടിയുടെ ഗോവയിലെ മുഖമായിരുന്ന മനോഹര്‍ പരീക്കര്‍ നിര്‍ണായക നീക്കങ്ങളിലൂടെ, സംസ്ഥാനത്ത് തുടര്‍ച്ചയായി ബി.ജെ.പിയെ അധികാരത്തിലെത്തിച്ച നേതാവാണ്.

We use cookies to give you the best possible experience. Learn more