തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് ആക്രമിച്ച സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ദല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇതിനു മുമ്പും പലതവണ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും വ്യാപകമായ പ്രതിഷേധം ഇത്തരം ആക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് ഒരു നടപടിയും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ നിസ്സംഗതയും അനാസ്ഥയുമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
‘ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു. സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെജ്‌രിവാളിനെതിരെ ഉണ്ടായ ആക്രമണമെന്ന് ഞാൻ കരുതുന്നു.’ പിണറായി വിജയൻ പറഞ്ഞു.
ഇന്നലെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണമുണ്ടായത്. സുരേഷ് എന്നയാള്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. ഇയാൾ കടുത്ത മോദി ഭക്തനെന്ന് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആരോപിച്ചു. അക്രമിയുടെ ഭാര്യ തന്നെ തന്റെ ഭര്‍ത്താവ് മോദി ഭക്തനാണെന്ന് സമ്മതിച്ചെങ്കിലും പൊലീസ് അദ്ദേഹത്തെ ആം ആദ്മി പിന്തുണക്കാരനാക്കുകയായിരുന്നെന്നും സിസോദിയ കുറ്റപ്പെടുത്തി.
വടക്കന്‍ ദല്‍ഹിയിലെ മോത്തി നഗറിലാണ് സംഭവം നടന്നത്.തുറന്ന വാഹനത്തില്‍ നിന്ന് ആളുകളോട് സംസാരിച്ചു കൊണ്ടിരിക്കെ അക്രമി വാഹനത്തിലേക്ക് കയറി അക്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ പൊലീസ് മോത്തി നഗര്‍ സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.