തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകന്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുരുകന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് കേരളം മാപ്പുചോദിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണ് ഇത്. ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണം വേണമെങ്കില് അത് ചെയ്യുമെന്നും പിണറായി പറഞ്ഞു.
അത്യാസന്ന ചികിത്സാ പദ്ധതി നിയമത്തില്‍മാത്രം ഒതുങ്ങി. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനാവുന്നില്ല. ഇത്തരമൊരു സാഹചര്യം മാറ്റിയെടുക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ക്രമീകരണങ്ങളും നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
ആശുപത്രികളുടെ നടപടി നിയമവിരുദ്ധമായതിനാല്‍ ബന്ധപ്പെട്ട എല്ലാ ആശുപത്രികള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.