ഭൂമിദാനക്കേസിലെന്നല്ല ഒരു കേസ്സിലും വേവലാതിയില്ല: പിണറായി
Kerala
ഭൂമിദാനക്കേസിലെന്നല്ല ഒരു കേസ്സിലും വേവലാതിയില്ല: പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2012, 12:52 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതിയായ കാസര്‍ഗോഡ്  ഭൂമിദാനക്കേസെന്നല്ല ഒരു കേസ്സിനെക്കുറിച്ചും തങ്ങള്‍ക്ക് വേവലാതിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.[]

യു.ഡി.എഫ് അധികാരത്തിലെത്തിയതിന് ശേഷം സി.പി.ഐ.എം നേതാക്കളെ എങ്ങനെയെല്ലാം കേസില്‍ കുടുക്കാം എന്ന് ആലോചിച്ച് നടക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

ഒരു കേസിലും പേടിക്കുന്നവരല്ല ഞങ്ങള്‍. കേസ് വന്നാല്‍ അതിനെ ധൈര്യപൂര്‍വ്വം നേരിടും. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഒരു നടപടിയും തത്ക്കാലം വിലപ്പോകില്ല.

വി.എസ്സിനെതിരായ ഭൂമിദാനകേസ്സില്‍ അദ്ദേഹത്തെ പ്രതിയാക്കരുതെന്ന് ആദ്യം അഭിപ്രായം  വന്നു. പിന്നീട് പ്രതിയാക്കണമെന്ന അഭിപ്രായവും വന്നു. ഇതെല്ലാം കഴിഞ്ഞ് എവിടെ ചെന്നെത്തുമെന്ന് നോക്കാം.

പക്ഷേ ഇത്തരം പിത്തലാട്ടങ്ങള്‍ കൊണ്ടൊന്നും സി.പി.ഐ.എമ്മിനെയും എല്‍.ഡി.എഫിനെയും തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. അതൊന്നും ഏശാന്‍ പോകുന്നില്ല-പിണറായി പറഞ്ഞു.

കാസര്‍ഗോഡ് ബന്ധുവിന് ഭൂമി ദാനം ചെയ്ത കേസില്‍് വി.എസ്. അച്യുതാനന്ദനെ പ്രതിയാക്കാമെന്ന് ഇന്നലെയാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്.

വി.എസിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പ്രതിയാക്കുന്നതില്‍ നിയമപ്രശ്‌നമില്ലെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് വിജിലന്‍സിന് നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കുകയായിരുന്നു.

വിജിലന്‍സ് ഡപ്യുട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍  ജി. ശശീന്ദ്രനാണ് വി.എസിനെയും മുന്‍ മന്ത്രി കെ.പി. രാജേന്ദ്രനെയും വി.എസിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ. സുരേഷിനെയും പ്രതിയാക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.

നേരത്തെ വി.എസിനെ പ്രതിയാക്കരുതെന്നും അദ്ദേഹത്തിനെതിരേ തെളിവുകളില്ലെന്നും അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ നല്‍കിയ നിയമോപദേശം വിജിലന്‍സ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് വീണ്ടും നിയമോപദേശം തേടിയത്.