| Saturday, 23rd June 2018, 1:55 pm

മോദിയെ കാണാന്‍ പല തവണ ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു; സംസ്ഥാനത്തോടുള്ള നിഷേധമെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി.

പ്രധാനമന്ത്രി മോദിയെ കാണുന്നതിന് പലവട്ടം ശ്രമിച്ചു. പക്ഷേ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിര്‍ദേശിച്ചത്. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. ഇതു സംസ്ഥാനത്തോടുള്ള നിഷേധമാണെന്നും പിണറായി വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണു വേണ്ടതെന്നും പിണറായി പറഞ്ഞു.


രാഹുല്‍ മാവോയിസ്റ്റ് അനുഭാവമുള്ളവനെന്ന ജെയ്റ്റ്‌ലിയുടെ പ്രസ്താവന അസംബന്ധം: വിമര്‍ശനവുമായി ചിദംബരം


ജനക്ഷേമവും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഭരണം ഉറപ്പാക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനായെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു.

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സാധിച്ചു. വിദേശ എയര്‍ലൈനുകളുടെ വിമാനം കണ്ണൂരില്‍ ഇറങ്ങുന്നത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും വിദേശ എയര്‍ലൈന്‍ കമ്പനികളുമായി ഇക്കാര്യം സംസാരിക്കുമെന്നും സുരേഷ് പ്രഭു ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിന് പുറമെ, വിഴിഞ്ഞം തുറമുഖം 2020-ഓടെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ പശ്ചാത്തല വികസനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും നീതിയുക്തമായി ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണു സര്‍ക്കാരിന്റെ നയമെന്നും പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more