| Thursday, 23rd May 2019, 10:19 pm

എല്‍.ഡി.എഫിന്റെ പരാജയം അപ്രതീക്ഷിതം; ബി.ജെ.പിക്കെതിരായ വിരുദ്ധവികാരമാണ് പ്രതിഫലിച്ചതെന്നും പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോല്‍വിക്ക് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പ് കോണ്‍ഗ്രസിന് അനുകൂലമായി മാറുന്ന സ്ഥിതിയാണുണ്ടായതെന്നും ഇതിനുള്ള കാരണങ്ങള്‍ വിശദമായി പരിശോധിച്ച് മുന്നോട്ടേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസ്സിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നെന്നും എല്‍.ഡി.എഫിന്റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഫലമായാണ് ബി.ജെ.പിക്കെതിരായ ജനവിധി കേരളത്തിലുണ്ടായതെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more