തിരുവനന്തപുരം: ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങള്‍ തന്നെയാണ് അന്തിമ വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൃശ്യമാധ്യമങ്ങളിലിരുന്ന് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള വിധി കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍.ഡി.എഫിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമാണിത്. പ്രത്യേകിച്ച് സര്‍ക്കാറിന്റെ വികസന നയങ്ങളെ ജനം അംഗീകരിച്ചു. വികസന കാര്യങ്ങളില്‍ ജാതി, മതം നോക്കാതെ ജനങ്ങള്‍ ഒന്നിക്കുന്നുവെന്നതിനുള്ള തെളിവാണിത്. ജനങ്ങള്‍ വിവാദങ്ങളല്ല, മറിച്ച് വികസന കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. അതിനാലാണ് എല്‍.ഡി.എഫിനെ എല്ലാവരും പിന്തുണച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Read Also : ചെങ്ങന്നൂരില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി: കുറഞ്ഞത് പതിനായിരത്തോളം വോട്ടുകള്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് സ്വന്തം നാട്ടുകാര്‍ പോലും വിലകൊടുക്കുന്നില്ലെന്ന് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ മാത്രം 2353 വോട്ടിന്റെ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ നേടിയത്. അദ്ദേഹത്തിന്റെ ബൂത്തില്‍ സജി ചെറിയാന്‍ 487 വോട്ട് നേടിയപ്പോള്‍ 280 വോട്ട് മാത്രമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡി. വിജയകുമാര്‍ നേടിയത്. ഇത് ചെന്നിത്തലയുടെ വാക്കുകള്‍ നാട്ടുകാര്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ത്രികോണ മത്സരം പ്രതീക്ഷിച്ച ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഒന്നൊഴിയാതെ മണ്ഡലത്തില്‍ അങ്ങോളമിങ്ങോളം ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 20956 വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരമ്പരാഗത പഞ്ചായത്തുകളില്‍ പോലും സജി ചെറിയാന്‍ അനായാസം പിടിച്ചു കയറി.