'ഒടുവില്‍ ആ വിളിയെത്തി'; മുഖ്യമന്ത്രി മഹിജയുമായി ഫോണില്‍ സംസാരിച്ചു
Kerala
'ഒടുവില്‍ ആ വിളിയെത്തി'; മുഖ്യമന്ത്രി മഹിജയുമായി ഫോണില്‍ സംസാരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th April 2017, 8:23 pm

 

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചു. ജിഷ്ണു മരിച്ച് 90 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കുടുംബവുമായി മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് കുടുംബം നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായ് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്.


Also read രാജ്യം മുഴുവന്‍ ഗോവധ നിരോധത്തിനൊരുങ്ങി ആര്‍.എസ്.എസ്; ആവശ്യമുന്നയിച്ചത് മോഹന്‍ ഭാഗവത്


അഞ്ച് ദിവസമായി തുടരുന്ന നിരാഹാരസമരത്തെത്തുടര്‍ന്ന് ഐ.സി.യുവില്‍ കഴിയുന്ന മഹിജയെ ഫോണിവല്‍ വിളിച്ച മുഖ്യമന്ത്രി കേസില്‍ പിടിയിലാകാനുള്ള മുഴുവന്‍ പേരെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും മഹിജക്കെതിരായ പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കുകയായിരുന്നു.

സി.പി.ഐ.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ജിഷ്ണുവിന്റെ കുടുംബവുമായ് സംസാരിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി മഹിജയുമായ് സംസാരിക്കുന്നത്. കേസില്‍ മൂന്നാം പ്രതിയായ കോളേജ് വൈസ്പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ കുടുംബം തയ്യാറായത്.

നേരത്തെ കുടുംബവുമായ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം ഉടന്‍ ഉടന്‍ തന്നെ ഒത്തുതീര്‍പ്പിലെത്തുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ കാനം രാജേന്ദ്രന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു.