തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ 98ാം ജന്മദിനമാണ് ഇന്ന്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിരവധി പേരാണ് വി.എസിന് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.
വി.എസിന് ജന്മദിനാശംസകള്‍ നേരുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി.എസിന് ജന്മദിന ആശംസകള്‍’ എന്നാണ് പിണറായി ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാവില്ല. ഭാര്യ വസുമതിക്കും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പമാണ് വി.എസ് ലളിതമായി തന്റെ ജന്മദിനം ആഘോഷിക്കുന്നത്.
കൊവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി വി.എസ്. പൂര്‍ണമായും വീട്ടില്‍ തന്നെയാണ്. 2019 ല്‍ പുന്നപ്ര- വയലാര്‍ വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ വി.എസിനെ തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്.
ജനുവരി 30ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ നിന്ന് തിരുവനന്തപുരം ലോ കോളേജിനടുത്തുള്ള വേലിക്കകത്തെ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റിയിരുന്നു. ഇപ്പോള്‍ പൂര്‍ണമായും വിശ്രമത്തിലാണ് അദ്ദേഹം.
ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളില്‍ നാലാമനായി 1923 ഒക്ടോബര്‍ 20നാണ് വി. എസ്. അച്യുതാനന്ദന്‍ ജനിച്ചത്. 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു.