പത്മജ ബി.ജെ.പിയിലേക്ക് പോയത് പിണറായി വിജയന്റെ അറിവോടെ; പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍; വി.ഡി സതീശന്‍
Kerala
പത്മജ ബി.ജെ.പിയിലേക്ക് പോയത് പിണറായി വിജയന്റെ അറിവോടെ; പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍; വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th March 2024, 4:28 pm

ന്യൂദല്‍ഹി: പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് പോയതിന് പിന്നില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഒരു മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇതിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കെത്തിയപ്പോഴാണ് വി.ഡി സതീശന്റെ പ്രതികരണം. കൊച്ചിയില്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രധാന പദവിയില്‍ ഇരിക്കുന്ന ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പത്മജ ബി.ജെ.പിയിലേക്ക് പോയതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ അറിവോടെയാണ് ഇത് നടന്നതെന്നും വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേന്‍ന്നെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇന്നലെ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് സി.പി.എമ്മാണ്. അത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ മുഖ്യമന്ത്രി അടക്കുമള്ള ആളുകള്‍ക്ക് തെറ്റിപ്പോയി. ആരാണ് സംഘ പിവാറിനെതിരെ പോരാടുന്നതെന്നും ആരാണ് സംഘപരിവാറുമായി സന്ധി ചെയ്ത് പ്രവര്‍ത്തിക്കുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് മനസിലാകും’,വി.ഡി സതീശന്‍ പറഞ്ഞു.

പത്മജ ബി.ജെ.പിയിലേക്ക് പോകുമെന്നതിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെന്ന് വി.ഡി സതീശന്‍ വീണ്ടും ആവര്‍ത്തിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ പത്മജ കോണ്‍ഗ്രസിനെതിരെ ആരോപിച്ച പരാതികള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പത്മജ ബി.ജെ.പിയിലേക്ക് പോയത് കോണ്‍ഗ്രസിന് ലഭിച്ച ഒരു പാഠമാണ്. അനര്‍ഹമായത് അനര്‍ഹമായവര്‍ക്ക് ചെയ്ത് കൊടുക്കരുതെന്ന് ഇതിലൂടെ പഠിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കോണ്‍ഗ്രസിലേക്ക് ഇനിയൊരു മടക്കമുണ്ടാകില്ലെന്ന് പത്മജ വേണുഗോപാല്‍ പ്രതികരിച്ചു. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തൃശൂരില്‍ കെ.മുരളീധരനെതിരെ പ്രചരണത്തിന് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

കൊച്ചിയിലെ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരായ ആരോപണത്തിന് പിന്നാലെ, മുന്‍ ഡി.ജി.പിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റയാണ് സതീശന്‍ പറഞ്ഞ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ വാര്‍ത്തകല്‍ നിഷേധിച്ച് ബെഹ്‌റ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തനിക്ക് ഈ കാര്യത്തില്‍ പങ്കില്ലെന്നും ബെഹ്‌റ പറഞ്ഞു. വ്യാഴാഴ്ചയാണ് ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. തന്നെ ബി.ജെ.പിയിലേക്ക് എത്തിച്ചത് കോണ്‍ഗ്രസ് തന്നെയാണെന്നും അവര്‍ പ്രതികരിച്ചിരുന്നു.

Content Highlight: Pinarayi Vijayan behind Padmaja’s BJP entry; An ex-IPS officer worked behind the scenes; VD Satheesan