| Monday, 22nd March 2021, 11:03 am

സര്‍വേകള്‍ കണ്ട് അലംഭാവം കാട്ടരുത്; സര്‍വേകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും വ്യാജമായി സൃഷ്ടിച്ചതാണെന്നും നിരവധി പ്രതിസന്ധികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നേരിട്ടെന്നും ഇതൊക്കെയുണ്ടായിട്ടും വികസനം മുറ പോലെ നടന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രചാരണത്തിന്റെ തുടക്കം മുതല്‍ വലിയ ജനപിന്തുണയാണ് ഇടതു മുന്നണിക്കു ലഭിക്കുന്നത്. പുറത്തുവരുന്ന സര്‍വേ ഫലങ്ങളിലുള്ളത് അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. എന്നാല്‍ സര്‍വേകളില്‍ ചില വസ്തുതകളും പുറത്തുവരുന്നുണ്ട്. എതിര്‍ക്കുന്നവര്‍ക്കു പോലും വസ്തുതകള്‍ പറയേണ്ടി വരുന്നു. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുത്. തെരഞ്ഞെടുപ്പു രാഷ്ട്രീയ പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയാവുന്നതെല്ലാം അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെയ്തു. പ്രതിപക്ഷം ധാരാളം നുണക്കഥകളിറക്കി. വസ്തുതകള്‍ അവതരിപ്പിക്കേണ്ട മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്തു. പി.എസ്.സി വിഷയം അതിന് ഉദാഹരണമാണ്. 95196 പി.എസ്.സി നിയമനമേ നല്‍കിയിട്ടുള്ളൂവെന്ന് പ്രചരിപ്പിച്ചു. നുണകള്‍ വലിയ തോതില്‍ ആവര്‍ത്തിച്ചു. യു.ഡി.എഫിന്റെ ഭാഗമായി ഘടകകക്ഷിയായി ചില മാധ്യമങ്ങള്‍ മാറുന്നുവെന്നും പിണറായി ആരോപിച്ചു.

സര്‍ക്കാരിന്റെ ജനസമ്മതിയില്‍ വിറളി പൂണ്ടവര്‍ കുപ്രചാരണം നടത്തുകയാണ്. ചെപ്പടി വിദ്യകൊണ്ട് ജനഹിതം അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പണം നല്‍കി വാര്‍ത്ത ഉണ്ടാക്കുന്നു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അദ്ദേഹത്തിന്റെ അനുഭവം ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ സഹായത്തോടെ നിയമസഭയില്‍ എത്താന്‍ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അവര്‍ വോട്ടുകച്ചടവടം നടത്തുകയാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല ഇപ്പോള്‍ സര്‍ക്കാരിനു മുന്നിലുള്ള വിഷയമല്ല. സത്യവാങ്മൂലം മാറ്റിനല്‍കുന്ന കാര്യമൊക്കെ കേസ് വരുമ്പോള്‍ ആലോചിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന് വസ്തുതകളുടെ പിന്‍ബലത്തോടെ ആരോപണം ഉന്നയിക്കാനായിട്ടില്ല. ചീട്ട് കൊട്ടാരങ്ങള്‍ പോലെ അതൊക്കെ തകര്‍ന്ന് വീണു. കേന്ദ്ര ഏജന്‍സികളെപ്പോലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കൂട്ട് പിടിക്കുന്നു. ദിനം പ്രതിയെന്നോണം ഇന്ധനവില വര്‍ധിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ വില കൂട്ടുന്നത് നിര്‍ത്തി വച്ചോയെന്ന് സംശയമുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും നുണക്കഥകള്‍ ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രകടന പത്രിക മുന്‍നിര്‍ത്തിയാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേമത്തെ വോട്ട് കച്ചവടത്തിന്റെ വസ്തുത പുറത്ത് വന്നു. അഞ്ച് കൊല്ലം മുന്‍പ് വോട്ട് കച്ചവടം നടത്തി കോണ്‍ഗ്രസ് ബി.ജെ.പിക്ക് നേമത്ത് അവസരമൊരുക്കി. നേമത്ത് നടന്നത് ഡീല്‍ തന്നെയാണ്. നേമത്ത് ബി.ജെ.പി ജയിക്കട്ടെ തൊട്ടടുത്ത് കോണ്‍ഗ്രസ് ജയിക്കട്ടെ എന്നതായിരുന്നു നയം. കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയെന്ന സുരേന്ദ്രന്‍ പിള്ളയുടെ ആരോപണം ഗൗരവതരമാണെന്നും പണം വാങ്ങിയവര്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയാണെന്നും വില കൊടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നെന്നും പിണറായി ആരോപിച്ചു.

ബി.ജെ.പിക്ക് മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയില്ല. ഇക്കാര്യത്തില്‍ ഗൗരവമായ സംശയം പൊതുമണ്ഡലത്തിലുണ്ട്. അവിശുദ്ധമായ അടിയൊഴുക്കിനുള്ള നീക്കം വ്യക്തമാണ്. പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുടെ സഹായത്തോടെ നിയമസഭയിലെത്താന്‍ ശ്രമിക്കുന്നു. ബി.ജെ.പി ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നും പിണറായി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan Assembly Election result surveys

We use cookies to give you the best possible experience. Learn more