| Tuesday, 12th May 2020, 6:22 pm

'കൊവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയില്‍ വലിയൊരു പങ്കും നഴ്‌സുമാര്‍ക്ക് അവകാശപ്പെട്ടത്'; അവര്‍ ഈ നാടിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഘട്ടത്തില്‍ ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാരുടെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതില്‍ നഴ്‌സുമാര്‍ സ്തുത്യര്‍ഹമായ പങ്ക് വഹിക്കുന്നുണ്ട്. കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും അവര്‍ക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോകരാജ്യങ്ങളെ സഹായിക്കുന്നത് മലയാളി നഴ്‌സുമാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ്. അതില്‍ നമുക്ക് അഭിമാനമുണ്ട്.

ഇന്നത്തെ ദിനത്തിന്റെ പ്രത്യേകത രാജ്യാന്തര നഴ്‌സസ് ദിനമാണെന്നതാണ്. അവരുടെ സംഭാവനകളെ ആദരിക്കാനാണ് ഈ ദിനമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നഴ്‌സുമാരുടെ മാതൃകാപരമായ സേവനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. സേവനത്തിന്റെ ഭാഗമായി സ്വന്തം ജീവന്‍ വരെ അര്‍പ്പിച്ച ലിനിയുടെ ഓര്‍മ നമ്മുടെയെല്ലാവരുടെയും മനസിലുണ്ട്. വയോധികരെ ശുശ്രൂഷിച്ച് കൊവിഡ് ബാധിച്ച രേഷ്മയും കൊവിഡിനെ അതിജീവിച്ചു പിന്നീട് വീണ്ടും കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ഡ്യൂട്ടിക്കെത്തിയ നഴ്‌സുമാരും ഈ നാടിന്റെ അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more