| Thursday, 23rd May 2019, 3:40 pm

'ക്യാപ്റ്റന്‍' പിണറായി വിജയന്‍ മുന്നില്‍ നിന്ന് നയിച്ച വിഎസ് ഇല്ലാതിരുന്ന തെരഞ്ഞെടുപ്പ്; വമ്പന്‍ തോല്‍വി ഏറ്റു വാങ്ങി എല്‍ഡിഎഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടക്ക് കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്റെ താരപ്രചാരകന്‍ വിഎസ് അച്യുതാനന്ദന്‍ മുന്നില്‍ നിന്ന് നയിക്കാത്തൊരു തെരഞ്ഞെടുപ്പായിരുന്നു ഇക്കുറി നടന്നത്. വിഎസിന് പകരം മുഖ്യമന്ത്രിയും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍.ഡി.എഫിനെ നയിച്ചത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇക്കുറി പിണറായി വിജയനെ വിളിച്ചിരുന്നത് ‘ക്യാപ്റ്റന്‍’ എന്നായിരുന്നു.

വിഎസ് മുന്നില്‍ നിന്ന് നയിക്കാതിരുന്ന ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ കാത്തിരുന്നത് വന്‍തോല്‍വിയാണ്. ജനത്തെ എല്‍.ഡി.എഫിനോട് അടുപ്പിക്കുന്ന വിഎസ് മാജിക് കാഴ്ചവെക്കാന്‍ പിണറായി വിജയന് സാധിച്ചില്ലെന്നാണ് ഫലം പറയുന്നത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതേതര രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരെല്ലാം അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് സി.പി.ഐ.എമ്മിനോടൊപ്പം, ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നിന്നിട്ടും തെരഞ്ഞെടുപ്പ് വിജയത്തിലേക്കെത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞില്ല.

ശബരിമലയെ മുന്‍നിര്‍ത്തി ബി.ജെ.പി വലിയ പ്രചരണം സംസ്ഥാനത്ത് അഴിച്ചു വിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയപ്പോള്‍, സി.പി.ഐ.എമ്മിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്നെ വീഴ്ചകള്‍ സംഭവിച്ചിരുന്നു. പൊന്നാനിയില്‍ പി.വി അന്‍വറിനെയും വടകരയില്‍ പി. ജയരാജനെയും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ സാമൂഹ്യ ഇടതുപക്ഷത്തെ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഉയര്‍ന്ന ശബ്ദങ്ങളെയൊന്നും വിലക്കെടുക്കാതെ ഈ സ്ഥാനാര്‍ത്ഥികളുമായി പ്രചരണം ആരംഭിക്കുകയാണ് സി.പി.ഐഎം ചെയ്തത്. ഇതോടെ ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന മതേതര-സാമൂഹ്യ ഇടതുപക്ഷം സി.പി.ഐഎമ്മിനെ കയ്യൊഴിഞ്ഞിരുന്നു.

ഈ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഉയര്‍ന്ന ചര്‍ച്ചകളില്‍പ്പെട്ട് എന്ത് കൊണ്ട് കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെ തങ്ങളെ എന്തുകൊണ്ട് തെരഞ്ഞെടുക്കണമെന്ന് പറയാന്‍ സി.പി.ഐ.എമ്മിന് സാധിച്ചില്ല. ശബരിമല വിഷയത്തില്‍ തങ്ങള്‍ വിശ്വാസികളോടൊപ്പമാണെന്ന് വീണ ജോര്‍ജ് അടക്കമുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിനിടെ പറയുന്ന സാഹചര്യമുണ്ടായി. ഇതോടെ ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് പൂര്‍ണ്ണമനസോടെ ആയിരുന്നില്ലെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തു. രമ്യ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രസ്താവനയും എല്‍.ഡി.എഫിന് വലിയ ക്ഷീണമാണ് സമ്മാനിച്ചത്.

ഈ സാഹചര്യങ്ങളെ മുന്‍കൂട്ടികണ്ട് മുന്നണിയെ നയിക്കാന്‍ എല്‍.ഡി.എഫിനെ നയിച്ച പിണറായി വിജയന് കഴിഞ്ഞില്ല എന്നത് തന്നെയാവും വരും ദിവസങ്ങളില്‍ ഉണ്ടാവാനിടയുള്ള ചര്‍ച്ച. കഴിഞ്ഞ തവണ നേടിയ എട്ട് സീറ്റില്‍ നിന്ന് ഒരു സീറ്റിലേക്ക് ഒതുങ്ങിയത് സ്വാഭാവികമായും പാര്‍ട്ടി കമ്മറ്റികളില്‍ ചര്‍ച്ചയാവും.അതേ സമയം ബി.ജെ.പിയെ തടഞ്ഞു നിര്‍ത്തുന്നതിന് വേണ്ടി കേരളം സ്വീകരിച്ച ജാഗ്രതയുടെ ഭാഗമായാണ് എല്‍.ഡി.എഫിന് ക്ഷീണം സമ്മാനിച്ച ഫലം ഉണ്ടായതെന്നാവും പിണറായി ക്യാമ്പിന്റെ വാദം.

We use cookies to give you the best possible experience. Learn more