മധുര: സി.പി.ഐ.എമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സി.പി.ഐ.എം ദേശീയ കമ്മിറ്റി അംഗങ്ങളും മറ്റ് നേതാക്കളും കഫിയ ധരിച്ചാണ് ഫലസ്തീന് ഐക്യദാര്‍ഡ്യം അറിയിച്ചത്.
‘കര മുതല്‍ കടല്‍ വരെ സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം മുഴക്കി ഗസക്കെതിരായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി. ഫലസ്തീനികള്‍ക്കെതിരായ തുടര്‍ച്ചയായ അതിക്രമങ്ങളില്‍ അപലപിക്കുന്നുവെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവ് എം.എ. ബേബി പറഞ്ഞു.
ഫലസ്തീന്‍ ജനത സ്വതന്ത്രമാകണമെന്നും അന്തസോടെ ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കി.
2023 ഒക്ടോബര്‍ ഏഴ് മുതലാണ് ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ യുദ്ധം ആരംഭിക്കുന്നത്. ഈ ഘട്ടം മുതല്‍ക്കേ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിലുടനീളം സിപി.ഐ.എം പ്രതിഷേധ റാലികളും പരിപാടികളും സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇസ്രഈലിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഈ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സര്‍ക്കാര്‍ നെതന്യാഹുവില്‍ സമ്മര്‍ദം ചെലുത്തണമെന്നും സി.പി.ഐ.എം ഒന്നിലധികം തവണ ആവശ്യപ്പെട്ടിരുന്നു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മാര്‍ച്ച് 18 മുതല്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 1,163 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 97 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 50,523 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം ഏപ്രില്‍ രണ്ട് മുതലാണ് സി.പി.എം.എമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്. 800ലധികം പ്രതിനിധികള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി.ബി അംഗങ്ങള്‍, കേരളത്തിലെ മറ്റ് ഒമ്പത് മന്ത്രിമാര്‍ എന്നിവര്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.
Content Highlight: pinarayi vijayan and others wear keffiyeh; Solidarity with Palestinian people at CPIM party congress