ന്യൂദല്‍ഹി: അന്തരിച്ച സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേരളത്തില്‍ നിന്നുള്ള പി.ബി. അംഗം എം.എ. ബേബി തുടങ്ങിയവര്‍ക്കൊപ്പം ദല്‍ഹി വസന്ത് കുഞ്ചിലുള്ള യെച്ചൂരിയുടെ വീട്ടിലെത്തിയായിരുന്നു പിണറായി വിജയന്‍ യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്.
സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ, വി.സി.കെ. നേതാവ് തോള്‍ തിരുമാവളവന്‍ തുടങ്ങിയവരും വസന്ത് കുഞ്ചിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദ് ഉള്‍പ്പടെയുള്ളവരും യെച്ചൂരിയുടെ വീട്ടിലെത്തിയിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും വസന്ത് കുഞ്ചിലെ വീട്ടിലെത്തി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
തീതാറം യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന പിണറായി വിജയനും എം.വി. ഗോവിന്ദനും
നേരത്തെ യെച്ചൂരി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ജെ.എന്‍.യുവിലെ പൊതു ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിലേക്ക് യെച്ചൂരിയുടെ മൃതദേഹം എത്തിച്ചത്. അവിടെ വെച്ച് ജെ.എന്‍.യുവിലെ പുതിയ തലമുറയും പൂര്‍വ വിദ്യാര്‍ത്ഥികളും യെച്ചൂരിയുടെ സമാകാലീനരും അദ്ദേഹത്തെ അവസാനമായി കണ്ടു.
തീതാറം യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
വൈകീട്ട് അഞ്ചരയോടെയാണ് ജെ.എന്‍.യുവില്‍ നിന്ന് വസന്ത്കുഞ്ചിലുള്ള വീട്ടിലേക്ക് യെച്ചൂരിയുടെ ഭൗതിക ശരീരം എത്തിച്ചത്. ഇന്ന് രാത്രി പൂര്‍ണമായും വീട്ടിലായിരിക്കും. ബന്ധുക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരം ഇവിടെയായിരിക്കും.
ശനിയാഴ്ച രാവിലെ 10 മണിയോടെയായിരിക്കും യെച്ചൂരി കഴിഞ്ഞ 30 വര്‍ഷമായി പ്രവര്‍ത്തിച്ച ദല്‍ഹിയിലെ സി.പി.ഐ.എം. കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കുക. ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ ഫഠനത്തിനായി മൃതദേഹം എയിംസിന് കൈമാറും.