ന്യൂദല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഉപേക്ഷിച്ചില്ല എന്ന് കേന്ദ്ര മന്ത്രി പറഞ്ഞതു കൊണ്ട് ഒന്നുമായിട്ടില്ല.
അത് ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രമന്ത്രിയ്ക്ക് ഉണ്ടെന്നും പിണറായി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയായിരുന്നു ദല്‍ഹിയില്‍ മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ റെയില്‍ വികസനവുമായി സഹകരിക്കുന്നില്ല എന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും, അത് മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
അതേസമയം വീണ്ടും തെറ്റിദ്ധാരണ ആവര്‍ത്തിക്കുകയാണെങ്കില്‍ അത് ബോധപൂര്‍വ്വമാണെന്ന് പറയേണ്ടി വരുമെന്നും പിണറായി പറഞ്ഞു.
കേരളത്തില്‍ ഭൂമിയെടുക്കുന്നതില്‍ നല്ല രീതിയിലുള്ള പുരോഗതിയാണ് കാണുന്നത്. കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തും വിളിച്ച് പറയാമെന്നൊന്നും കരുതേണ്ട.
ALSO READ: കഞ്ചിക്കോട് ഫാക്ടറി ഉപേക്ഷിക്കരുത്; ആവശ്യവുമായി വി.എസ് അച്യുതാനന്ദന്‍ റെയില്‍വേ മന്ത്രിയുടെ അടുത്ത്
ഇതുസംബന്ധിച്ച വസ്തുതകള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം മുന്‍വര്‍ഷത്തേക്കാള്‍ മികച്ച രീതിയുള്ള ഭൂമി ഏറ്റെടുക്കലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയില്‍വേയുമായുള്ള ഭൂമി ഏറ്റെടുക്കലിന്റെ കാര്യത്തിലും നല്ല പുരോഗതിയാണ് ഉണ്ടാവുന്നത്. ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന് കത്തെഴുതുമെന്നും തെറ്റായ ധാരണ കൊണ്ടാണെങ്കില്‍ തിരുത്താന്‍ അത് സഹായിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം പീയുഷ് ഗോയലിനെതിരെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന കേന്ദ്രമന്ത്രിയുടെ ചോദ്യം കേരളത്തോട് വേണ്ട എന്ന് ജി.സുധാകരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു.
സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ തയ്യാറാണ്. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയുടേത് അഹങ്കാരം നിറഞ്ഞ സമീപനമാണെന്നും കേരളം വെള്ളരിക്കാപട്ടണമല്ലെന്നും ജി. സുധാകരന്‍ കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രി വി.എസ്സിനെ കണ്ടത് കാര്യമാക്കേണ്ടെന്നും അതേ സമയം മുഖ്യമന്ത്രിക്ക് പകരമാവില്ല വി.എസ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കരുത് എന്നാവശ്യപ്പെട്ട് കേരളാ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ റെയിവേ മന്ത്രി പിയൂഷ് ഗോയലിനെ കണ്ടത്.
ആവശ്യവുമായി വി.എസ് നേരിട്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച പിയൂഷ് ഗോയല്‍ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോകുമെന്ന ഉറപ്പും വി.എസിന് നല്‍കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിക്കാനും കേന്ദ്ര റെയില്‍വേ മന്ത്രി മറന്നില്ല.
കോച്ച് ഫാക്ടറി വൈകിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ മാത്രമേ ഫാക്ടറി സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. പദ്ധതിയുമായി മുഖ്യമന്ത്രി സഹകരിക്കുന്നില്ലെന്നും പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി. ഹരിയാനയിലും, ഉത്തര്‍പ്രദേശിനും കോച്ച് ഫാക്ടറിയാവാം, പക്ഷേ കേരളത്തിന് വേണ്ട എന്നതാണ് കേന്ദ്ര നിലപാട് എന്ന പിണറായി വിജയന്റെ പ്രസ്താവനയെ കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി പ്രഖ്യാപിച്ചത്. ഇത്രകാലമായിട്ടും പദ്ധതി നടപ്പാക്കാത്തതിലുള്ള ആശങ്ക വി.എസ് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം എം.ബി. രാജേഷ് എം.പി. കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം നല്‍കിയ കത്തിനുള്ള മറുപടിയിലാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കോച്ച് ഫാക്ടറി കേരളത്തിനുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്.
പദ്ധതിക്കായി കേരളം 439 ഏക്കര്‍ ഏറ്റെടുത്തിരുന്നതാണ്. 2012 ലാണ് പാലക്കാട് കോച്ച് ഫാക്ടറി ഉദ്ഘാടനം നടന്നത്. അതേസമയം കേന്ദ്രത്തിന്റെ നയത്തിനെതിരെ ഇടതുപക്ഷ എം.പിമാര്‍ ദല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.