കൊച്ചി: സംസ്ഥാനം നേടിയ വികസനം അട്ടിമറിക്കാന്‍ നോക്കുന്ന വികസന വിരോധികളേയും വിവാദ പ്രചാരകരേയും തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കി ജനം മൂലക്കിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും പണ്ട് കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായിരുന്ന മുല്ലപ്പള്ളി ഇപ്പോള്‍ ബി.ജെ.പിയുടെ മന്ത്രിയാണോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
മുല്ലപ്പള്ളി പഴയ കോണ്‍ഗ്രസിന്റെ സഹമന്ത്രിയായിരുന്നു. ഇപ്പോള്‍ അമിത് ഷായുടെ മന്ത്രിയായോ?. അന്ന് തന്നെ ക്രൂശിക്കാന്‍ കുറെ ശ്രമിച്ചതാ. അന്നും ഇന്നും പിണറായി വിജയന്‍ ഇങ്ങനെയുണ്ടല്ലോ? മുല്ലപ്പള്ളി സകല കഴിവും എടുത്തിട്ടും കഴിയാതെ പോയി. ആ ഓലപ്പാമ്പ് കാണിച്ച് ഇനി ഭയപ്പെടുത്താന്‍ നേക്കേണ്ട. അമിത്ഷായുടെ അടുത്ത് അത്രപിടിപാടുണ്ടെങ്കില്‍ ഇനിയും നോക്ക് എന്നും പിണറായി പറഞ്ഞു.
ഇടതുപക്ഷത്തിനെതിരെ വികസന വിരോധികള്‍ അണിചേര്‍ന്നുകയാണ്. വ്യാജ കഥകള്‍ പ്രചരിപ്പിക്കാന്‍ നോക്കുന്നു. കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് എന്ന് സര്‍വ്വേ കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ അഴിമതിയുള്ളത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ്.
വികസനത്തില്‍ കേരളം ബഹുകാതം മുന്നോട്ട് പോയി. ബൊഫോഴ്‌സ് മുതല്‍ 2ജി വരെ നടത്തിയവരാണ് കേരളത്തില്‍ അഴിമതിയെ കുറിച്ച് പറയുന്നത്. യു.ഡി.എഫിന്റെ നശീകരണ രാഷ്ട്രീയത്തെ സഹായിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇറക്കുന്നത്. കിഫ്ബിയെ തകര്‍ത്തിട്ട് എന്താണ് ഇക്കൂട്ടര്‍ നേടാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇന്നാട്ടിലെ സ്‌കൂളുകളും റോഡുകളും ആശുപത്രികളും പാലങ്ങളും ഇനി വികസിക്കേണ്ടതില്ല എന്നാണോ. അവര്‍ സ്വന്തം നേട്ടമായി അവതരിപ്പിക്കുന്നവ പാലാരിവട്ടം പാലം പോലെ പൊളിഞ്ഞു പോയിട്ടുമുണ്ട്.
കേരളത്തില്‍ എല്‍.ഡി.എഫിനെ നേരിടുന്നത് യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ചാണ്. ഇവര്‍ തമ്മില്‍ നല്ല ഐക്യമാണ്. ഉത്തരേന്ത്യയില്‍ കലാപങ്ങള്‍ ഉണ്ടാക്കിയവര്‍ കേരളത്തില്‍ വന്ന് അക്രമ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയാണ്.
ചരിത്രം നോക്കിയാല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു ശേഷം ഭരണമേധാവിത്വത്തിന്റെ ഒത്താശയോടെ രണ്ട് വംശഹത്യകളാണ് നടന്നിട്ടുള്ളത്. 1984ല്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സിഖുകാരെ കൊലപ്പെടുത്തിയതും 2002 ഗുജറാത്തില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ മുസ്‌ലിങ്ങളെ കൊന്നൊടുക്കിയതും. ആ പാരമ്പര്യമുള്ളവര്‍ കേരളത്തില്‍ വന്ന് അക്രമത്തെക്കുറിച്ച് പറയുകയാണ്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നുനാലു മാസം കൊണ്ട് ആറ് കമ്യൂണിസ്റ്റുകാരെ കൊന്നുതള്ളിയവരാണ് ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങും മുമ്പ് അവര്‍ കണ്ണാടിയില്‍ നോക്കി സ്വന്തം മുഖം ഒന്ന് നോക്കണം.
എല്‍.ഡി.എഫ് നേതാക്കളെയും കുടുംബാംഗങ്ങളെയും നീചമായി കടന്നാക്രമിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇവിടുത്തെ കാര്യങ്ങള്‍ കൃത്യമായി അറിയാത്ത നേതാക്കള്‍ പറന്നിറങ്ങി പറയുന്നത് ഏറ്റു പാടുകയാണ്. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയാണ് ഇതിലൂടെ തകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇല്ലാത്ത വാര്‍ത്തകള്‍ കെട്ടിച്ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ പല ആയുധങ്ങളും അണിയറയില്‍ തയ്യാറാകുന്നുണ്ട്. ഇത്തരം കഥകള്‍കൊണ്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ആരോപണങ്ങള്‍ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം.
പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണ സംഭാഷണങ്ങള്‍ എന്നിവ ഇപ്പോള്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക