തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
എന്ത് അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് അനുമതി കൊടുക്കാതിരുന്നതെന്ന് പിണറായി ചോദിച്ചു. യാചിക്കാനാണ് ഞാന്‍ പോയത് എന്നാണ് ഒരു ബി.ജെ.പി നേതാവ് പറഞ്ഞത്.
യാചന നടത്തേണ്ട ആവശ്യമില്ല നമ്മുടെ നാടിന്റെ ഭാഗമായിട്ടുള്ള നമ്മുടെ സഹോദരങ്ങളായാണ് അവരെ കാണുന്നത്. അവര്‍ നമ്മുടെ നാടിന്റെ പുനര്‍നിര്‍മാണത്തിന് സഹായിക്കാന്‍ തയ്യാറാണ്. കാരണം നമ്മളെല്ലാവരും നമ്മളായത് ഈ നാടിന്റെ കൂടി പങ്കാളിത്തത്തോടെയാണ്. ഈ നാടിന് പങ്കുണ്ട്. ആ നാടാണ് പ്രളയത്തോട് കൂടി പിറകോട്ട് പോയത്.
അത് നികത്തലും പുതിയ കേരളം സൃഷ്ടിക്കലുമാണ് നാം ഉദ്ദേശിക്കുന്നത്. അതിനാണ് ആ സഹോദരങ്ങളെ സംസ്ഥാന ഗവര്‍മെന്റ് എന്ന നിലക്ക് കാണുന്നത്. ഇവിടെ പൂജ അവധിയുടെ ഘട്ടത്തിലായിരുന്നു പോയത്. മന്ത്രിമാര്‍ ഒന്നിച്ചുപോയാല്‍ എന്തുണ്ടാകുമെന്ന പ്രതികരണം ഉണ്ടായി. പ്രത്യേകിച്ച് ഒന്നും ഉണ്ടാവില്ല. വ്യാഴവും വെള്ളിയും പൂജ അവധിയാണ്. നമ്മള്‍ പോകുന്ന പ്രധാന അറബ് രാജ്യങ്ങളിലൊക്കെ വ്യാഴവും വെള്ളിയുമാണ് പ്രധാനം.
കേരളത്തോട് എന്താണ് കേന്ദ്രത്തിന് പ്രത്യേക നിലപാട്. നമ്മുടെ രാജ്യത്ത് നമ്മുടെ നാട്ടിലല്ല ആദ്യമായി ഒരു ദുരന്തമുണ്ടാകുന്നത്. ഇതിന് മുന്‍പും ദുരന്തങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയായിരിക്കുന്ന മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഏറ്റവും വലിയ ദുരന്തം ആ സംസ്ഥാനം നേരിട്ടത്. ആ സമയത്ത് മറ്റ് രാഷ്ട്രങ്ങളുടെ സഹായം സ്വീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ട കാര്യം പറയുന്നുണ്ട്. നമ്മള്‍ ആരോടും സഹായം ചോദിക്കരുത് എന്ന് പറഞ്ഞു, ആരെങ്കിലും ദുരന്തത്തിന്റെ ആഘാതം ഉള്‍ക്കൊണ്ട് സ്വയമേവ സഹായിക്കാന്‍ മുന്നോട്ട് വന്നാല്‍ ആ സഹായം സ്വീകരിക്കാം എന്ന്പറഞ്ഞു. അങ്ങനെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് നമുക്ക് മാത്രം സഹായം സ്വീകരിക്കാന്‍ പറ്റില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചത്.
നമുക്ക് നല്‍കാം എന്ന പറഞ്ഞ സഹായം സ്വീകരിച്ചിരുന്നെങ്കില്‍ വലിയൊരു തുകയായിരിക്കും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കുമായിരുന്നത്. അതില്‍ പരസ്യമായതാണ് യു.എ.ഇയുടെ സഹായത്തിന്റെ കാര്യം. അത് രഹസ്യമല്ല. മറ്റ് രാഷ്ട്രങ്ങളും വന്നിരുന്നു. അത് കിട്ടുമായിരിക്കും എന്നാണ് ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു സംസ്ഥാനം രാജ്യത്തിന്റെ ഭാഗമാണല്ലോ ? അതുകൊണ്ട് തന്നെ തടസമായി നില്‍ക്കില്ല എന്നായിരുന്നു കരുതിയത്. എന്നാല്‍ അതുണ്ടായില്ല.
മുട്ടാപ്പോക്ക് നിലപാട് സ്വീകരിക്കേണ്ട സംവിധാനമല്ല കേന്ദ്രം. അങ്ങനെയാരു നിലപാട് കേന്ദ്രം സ്വീകരിക്കാമോ? അതിന്റെ തുടര്‍ച്ചയായാണ് ഈ അനുഭവം. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പോലും നടപ്പാവില്ലെന്ന് വരുന്നു. ഇത് സംസ്ഥാനത്തിനെതിരായ നീക്കമായി മാത്രമേ കാണാന്‍ പറ്റുള്ളൂ,.
ഇവിടെ ഭരണകക്ഷിയാണെന്ന പറഞ്ഞ് നടക്കുന്ന ബി.ജെ.പി നേതാക്കള്‍ ഇത്തരം സഹായങ്ങളൊന്നും നല്‍കരുതെന്ന നിലപാട് സ്വീകരിക്കുന്നു കേരളം വളര്‍ന്നുവരുന്നതില്‍ അവര്‍ ഒരുപങ്കും വഹിച്ചിട്ടില്ല. ഈ നാടിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലം പരിശോധിച്ചാല്‍ ഇവിടെ നടന്ന വിവിധ സംഭവങ്ങള്‍ പ്രക്ഷോഭങ്ങള്‍ ഇടപടെലുകള്‍ പരിശോധിച്ചാല്‍ അതില്‍ ഒന്നില്‍പോലും പങ്കുവഹിക്കാത്ത വിഭാഗം എന്ന നിലയ്ക്ക് അവര്‍ ഈ നാടിനെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിലുള്ളവര്‍ മാത്രമല്ല നമ്മുടെ നാടിന്റെ ഭാഗമായ എല്ലാവരും കാണേണ്ടതുണ്ട്. ഇത് വെല്ലുവിളിയായി ഏറ്റെടുക്കണം. നാട് പുനര്‍നിര്‍മിച്ചേ മതിയാകൂ.
സഹകരണവും പിന്തുണയും എല്ലാവരില്‍ നിന്നും ഉണ്ടാകണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. നമ്മുടെ രാജ്യത്തിലെ ജനാധിപത്യ വിശ്വാസികളായ എല്ലാവരും ചിന്തിക്കണം
കേന്ദ്രസര്‍ക്കാര്‍ ഒരു സംസ്ഥാനത്തിന് നേരെ ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ല. അതിനെതിരെ ഏവരും ഒറ്റക്കെട്ടായി രംഗത്തെത്തണം. ഈ നാടിന്റെ പൊതുവായ താത്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന മാധ്യമങ്ങള്‍ക്കും അതില്‍ പങ്കുവഹിക്കാനുണ്ട്. തെറ്റായ സമീപനത്തെ തുറന്നുകാണിക്കണം. നാടിന്റെ ആവശ്യത്തോട് ഒപ്പം നില്‍ക്കാനും മാധ്യമങ്ങള്‍ സന്നദ്ധരാകണം എന്നാണ് അനുഭവത്തിലൂടെ പറയാനുള്ളത്.
യു.എ.ഇ സന്ദര്‍ശനം വമ്പിച്ച വിജയമായിരുന്നെന്നും യു.എ.ഇ ഭരണകൂടത്തിന്റെ പ്രതിനിധികള്‍ കേരളത്തോട് കാണിച്ച സ്‌നേഹവും താത്പര്യവും നേരിട്ട് മനസിലാക്കാന്‍ അവസരമൊരുക്കിയതായിരുന്നു ഈ സന്ദര്‍ശനം. അഞ്ച് ദിവസക്കാലം ഒട്ടേറെ വിഭാഗങ്ങളുമായി കേരളത്തിന്റെ പുനര്‍നിര്‍മിതിയെ കുറിച്ച് സംവദിക്കാന്‍ അവസരം ലഭിച്ചെന്നും പിണറായി പറഞ്ഞു.