കേരളത്തിന്റെ പാതയ്ക്ക് പാരവെക്കുന്നത് അല്‍ഫോണ്‍സ് കണ്ണന്താനം; രൂക്ഷ വിമര്‍ശനവുമായി പിണറായി
Kerala News
കേരളത്തിന്റെ പാതയ്ക്ക് പാരവെക്കുന്നത് അല്‍ഫോണ്‍സ് കണ്ണന്താനം; രൂക്ഷ വിമര്‍ശനവുമായി പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 4:20 pm

ന്യൂദല്‍ഹി: കേരളത്തിന്റെ പാതയ്ക്ക് പാരവെക്കുന്നത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണെന്ന് മുഖ്യമനന്ത്രി പിണറായി വിജയന്‍.

കീഴാറ്റൂര്‍ സമരക്കാരുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച നടത്തിയത് ശരിയായ നടപടിയല്ലെന്നും ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും പിണറായി പറഞ്ഞു.

കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന തുടരുകയാണ്. കേരളത്തില്‍ നടക്കുന്ന വികസനം തടയാനാണ് ആര്‍.എസ്.എസിന്റെ ശ്രമം.


കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനിബാധ; വൈറസ് സ്ഥീരികരിച്ചത് പൂനെ വൈറോളജി ലാബ്


നടക്കില്ലെന്ന് കരുതിയ നാഷണല്‍ ഹൈവേ വികസനം നടക്കുമെന്നായപ്പോള്‍ ചിലര്‍ അതിന് പാരവെക്കുകയാണ്. കേരളക്കാരനാണെന്ന് പറഞ്ഞു നടക്കുന്ന ഒരു മന്ത്രിയും അതിന് കൂടെയുണ്ടായി എന്നതാണ് ഉയര്‍ന്നുവന്ന വിരോധാഭാസം.

എത്രയും പെട്ടെന്ന് ഈ സമീപനം തിരുത്തുന്നോ അത്രയും നല്ലതെന്നും പിണറായി പറഞ്ഞു.

നാഷണല്‍ ഹൈവെ നടക്കാതിരിക്കാന്‍ നേരത്തെ തന്നെ പാരവെപ്പുണ്ടെന്നും കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്നും സര്‍ക്കാരിനെ അറിയിക്കാതെയുള്ള ചര്‍ച്ച തെറ്റാണെന്നും വികസനം പൂര്‍ത്തിയാകുമെന്ന് വന്നപ്പോഴാണ് പാരവെപ്പ് ഉണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള വിവാദ ബൈപ്പാസിന് ബദല്‍ സാധ്യത പരിശോധിക്കാനായിരുന്നു കേന്ദ്രതീരുമാനം. ഇതിനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയിലായിരുന്നു പുതിയ ധാരണ.

കീഴാറ്റൂരില്‍ മേല്‍പ്പാലം പരിഹാരമല്ലെന്നും അലൈന്‍മെന്റ് മാറ്റുക മാത്രമാണ് പരിഹാരമെന്നും കണ്ണന്താനം പറഞ്ഞിരുന്നു. ഇതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും ഇതിന് സാങ്കേതികമായ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

സമിതി കീഴാറ്റൂരിലെത്തി പരിശോധന നടത്താനും ഈ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നും ഗഡ്ഗരി അറിയിച്ചിരുന്നു.