| Thursday, 21st February 2019, 3:02 pm

'എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്ന് കല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല' ; സാംസ്‌കാരിക നായകരുടെ മൗനത്തെ പരോക്ഷമായി ന്യായീകരിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ കേരളാ സാഹിത്യ അക്കാദമിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തെ വിമര്‍ശിച്ചും സാംസ്‌കാരിക നായകരുടെ മൗനത്തെ പരോക്ഷമായി ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നതെന്നും അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണെന്നുമായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.

എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും പിണറായി പറഞ്ഞു.

ഇന്ന് രാവിലെയാണ് സാഹിത്യ അക്കാദമിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രകടനവുമായി എത്തിയത്. പ്രവര്‍ത്തകര്‍ അക്കാദമി പ്രസിഡന്റിന്റെ വാഹനത്തില്‍ വാഴപ്പിണ്ടി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

“സാംസ്‌കാരിക നായകരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂ” എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

എന്തിനും ഏതിനും പ്രതികരിക്കുന്ന സാസ്‌കാരിക പ്രവര്‍ത്തകര്‍ പെരിയയിലെ ഇരട്ടക്കൊലയില്‍ പ്രതിഷേധിക്കാത്തത് സി.പി.ഐ.എമ്മിനെ ഭയന്നിട്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.


‘ഇത് നല്ല സന്ദേശം നല്‍കില്ല’ ; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രിയെ വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍


അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പുരോഗമന കലാ സാഹിത്യ സംഘം രംഗത്തുവന്നു. കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിനു നേരെ നടന്ന കയ്യേറ്റമായി ഈ ആക്രമണത്തെ കാണണമെന്നാണ് പു.ക.സ പ്രസ്താവനയില്‍ പറയുന്നത്.

കാസര്‍ക്കോട്ടു നടന്ന കൊലപാതകത്തില്‍ എഴുത്തുകാരും കലാകാരന്മാരുമടക്കമുള്ള മുഴുവന്‍ കേരള ജനതയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിക്കഴിഞ്ഞു. ഉചിതമായ അന്വേഷണം നടത്തി പ്രതികളില്‍ ഭൂരിഭാഗവും പിടിയിലായി. ഈ സമയത്ത് അന്തരിക്ഷം കലുഷിതമായി നില്‍ക്കണമെന്നും കൊലപാതക പരമ്പര സൃഷ്ടിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് അക്കാദമി അക്രമണത്തിനു പിന്നിലുള്ളതെന്നാണ് പു.ക.സ ആരോപിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more