തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ക്കാന്‍ വേണ്ടി മാത്രം കുപ്പായം തയ്പ്പിച്ച് ചിലര്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.
എതിര്‍ക്കുന്നവര്‍ എതിര്‍ക്കും എന്നാല്‍ നമ്മള്‍ നമ്മുടെ വഴിക്ക് പോകുമെന്നും. എതിര്‍പ്പുണ്ടെന്ന് വെച്ച് വികസനം നടപ്പാക്കാതിരിക്കാനാവില്ല. നാട് അഭിവൃദ്ധിപ്പെടരുത് എന്നാണ് ചിലരുടെ ആഗ്രഹമെന്നും അത് നടക്കില്ലെന്നും പിണറായി പറഞ്ഞു.
അതേസമയം എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രം വയല്‍ വഴി മേല്‍പാലം നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണു വയല്‍ക്കിളികള്‍. അതേസമയം സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.
സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വയലില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്നതിനു പകരം പൊതുജനങ്ങളിലേക്കു സമരം എത്തിക്കും. നിലനില്‍പ്പിന്റെ സമരമായതിനാല്‍ ആരുടെയും പിന്തുണ സ്വീകരിക്കും.
സമരത്തിനു കൂടുതല്‍ ജനകീയ ശ്രദ്ധ നേടാനായി മഹാരാഷ്ട്ര മാതൃകയില്‍ ലോങ് മാര്‍ച്ച് നടത്തുന്ന കാര്യവും ആലോചിക്കുമെന്നും വയല്‍ക്കിളികള്‍ പറഞ്ഞു.
അതേസമയം, കീഴാറ്റൂര്‍ സമരം മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. രണ്ടോ നാലോ പേര്‍ക്കു വേണ്ടി മാത്രമുള്ളതാണു വയല്‍ക്കിളികളുടെ സമരം. സമരക്കാരെ ഇളക്കിവിടുന്നത് മാധ്യമങ്ങളാണെന്നും എം.എം.മണി കോതമംഗലത്തു പറഞ്ഞു.
Watch doolnews video