ഹിന്ദി അറിയില്ല എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടു; ഇതല്ലാതെ മറ്റൊന്നും ഞങ്ങള്‍ സംസാരിച്ചിട്ടില്ല ; കേന്ദ്രമന്ത്രിയോട് സഹായം ആവശ്യമില്ലെന്ന് താന്‍ പറഞ്ഞതായുള്ള മുരളീധരന്റെ പ്രസ്താവന തള്ളി പിണറായി
Kerala
ഹിന്ദി അറിയില്ല എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടു; ഇതല്ലാതെ മറ്റൊന്നും ഞങ്ങള്‍ സംസാരിച്ചിട്ടില്ല ; കേന്ദ്രമന്ത്രിയോട് സഹായം ആവശ്യമില്ലെന്ന് താന്‍ പറഞ്ഞതായുള്ള മുരളീധരന്റെ പ്രസ്താവന തള്ളി പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 3:15 pm

തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളം കേന്ദ്രസഹായം വേണ്ടെന്ന് പറഞ്ഞതായുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരന്റ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി താനുമായി ബന്ധപ്പെട്ടെന്നും അദ്ദേഹത്തോട് താന്‍ സഹായം വേണ്ടെന്ന് പറഞ്ഞെന്നുമാണ് മുരളീധരന്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം പറഞ്ഞത് തെറ്റാണ്- പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

”കേന്ദ്രആഭ്യന്തരസഹമന്ത്രി എന്നെ വിളിച്ചു എന്നോട് സംസാരിച്ചവെന്നും, നിങ്ങള്‍ പണ്ട് തന്ന കാശ് തന്നെ ഇവിടെ കൈയില്‍ ഇരിക്കുകയാണ് അതുകൊണ്ട് ഇപ്പോള്‍ തത്ക്കാലം കാശൊന്നും വേണ്ട എന്ന് ഞാന്‍ അങ്ങോട്ട് പറഞ്ഞു എന്നാണ് മുരളീധരന്‍ പറഞ്ഞത്.

ഇതില്‍ ഒരു കാര്യം ശരിയാണ്, ആഭ്യന്തരസഹമന്ത്രി എന്നെ വിളിച്ചിരുന്നു എന്നത്. അദ്ദേഹം സംസാരിച്ചു. സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്കൊന്നും മനസിലാവുന്നില്ല. കാരണം എനിക്ക് ഹിന്ദി അറിയില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ഹിന്ദി അറിയില്ല എന്ന്. ഞാന്‍ പറഞ്ഞത് അദ്ദേഹത്തിനും മനസിലാവുന്നില്ല എന്നാണ് തോന്നിയത്.

ഞാന്‍ മലയാളത്തിലല്ല പറഞ്ഞത്. ഇംഗ്ലീഷില്‍ വലിയ പരിഞ്ജാനം ഉള്ള ആളൊന്നുമല്ല ഞാന്‍. എങ്കിലും ഇംഗ്ലീഷില്‍ തന്നെയാണ് ഞാന്‍ പറഞ്ഞത്. എനിക്ക് ഹിന്ദി അറിയില്ല എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സെക്രട്ടറിക്ക് ഫോണ്‍ കൊടുക്കാം എന്ന്. അദ്ദേഹത്തിന് ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന് പ്രയാസം ഉണ്ടെന്ന് തോന്നി. അപ്പോള്‍ സെക്രട്ടറിയോട് ഞാന്‍ പറഞ്ഞു. ഞാന്‍ എന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞ് സംഭാഷണം അവിടെ അവസാനിപ്പിച്ചു.

പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പര്‍ വാങ്ങി എന്റെ പ്രൈവറ്റ് സെക്രട്ടറി പിന്നീട് അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയും ചെയ്തു. ഞങ്ങള്‍ തമ്മില്‍ ഒരു വാചകവും സംസാരിച്ചില്ല. ഞാന്‍ അങ്ങോട്ട് ഐ കാണ്‍ഡ് അണ്ടര്‍ സ്റ്റാന്‍ഡ് ഹിന്ദി എന്ന് മാത്രമേ പറഞ്ഞുള്ളൂ. മറ്റൊരു വാചകവും എനിക്ക് പറയേണ്ടി വന്നില്ല(ചിരിക്കുന്നു).

അതിനെ പറ്റി എങ്ങനെയാണ് മുരളീധരന്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണയിലേക്ക് എത്തിയത് എന്ന് എനിക്ക് പിടികിട്ടുന്നില്ല. ഞാന്‍ പറയാത്ത കാര്യം ഇനി മനസിലാക്കാനുള്ളൊരു വൈഭവം ഈ സഹമന്ത്രിക്ക് ഉണ്ടോ എന്ന് എനിക്ക് അറിയില്ല. അതാണ് ഇത് സംബന്ധിച്ച് പറയാനുള്ളത്. – എന്നായിരുന്നു പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.