തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ നിലപാട് ഭൂമാഫിയയെ സഹായിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എ.കെ.ജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂനിയമങ്ങളെ അട്ടിമറിക്കുന്ന നിയമങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും പിണറായി ആരോപിച്ചു.
നെല്ലിയാമ്പതിയിലെ 90000 ഏക്കര്‍ ഭൂമി ഭൂമാഫിയയുടെ കയ്യിലാണ്. അതുപോലെ തന്നെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ റിയല്‍ എസ്റ്റേറ്റുകാരെ സഹായിക്കുന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. റിയല്‍ എസ്റ്റേറ്റുകാര്‍ ഇന്ന് വയല്‍ നികത്തിയാലും അത് ഒരു ദശാബ്ദക്കാലം മുന്‍പ് നികത്തിയതാണെന്ന രേഖകള്‍ ഉണ്ടാക്കും. അതെല്ലാം സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ചെയ്യുന്നത്.[]
സാധാരണ പാട്ടക്കാലാവധി അവസാനിച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പതിവാണ് ഉള്ളത്. നെല്ലിയാമ്പതിയിലും അത് തന്നെയാണ് വേണ്ടിയിരുന്നത്. എന്നാല്‍ പകരം അവര്‍ ഒരു ഉപസമിതിയെ നിയോഗിച്ചു. ചെറുനെല്ലി എസ്‌റ്റേറ്റിലെ 250 ഏക്കര്‍ 2008 ല്‍ കാലാവധി അവസാനിക്കുന്നതാണ്. എന്നാല്‍ അന്ന് ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ് അത് ലംഘിച്ചു. അന്ന് തിരിച്ചുപിടിക്കേണ്ടിയിരുന്ന ഭൂമി അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല.-പിണറായി പറഞ്ഞു.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ 27 എസ്‌റ്റേറ്റുകളിലെ 40000 ഏക്കര്‍ ഭൂമി ഞങ്ങള്‍ തിരിച്ചുപിടിച്ചു. എന്നാല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോഴേക്ക് എസ്‌റ്റേറ്റ് ഉടമകള്‍ കേസിന് പോയി. അങ്ങനെ സര്‍ക്കാര്‍ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സ്‌റ്റേ ചെയ്തു. നെല്ലിയാമ്പതിയില്‍ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ കൂടിയാലോചന നടത്തിയില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ എന്ത് കൂടിയാലോചനയാണ് നടത്തേണ്ടതെന്നും പിണറായി ചോദിച്ചു.
ഈ വിഷയം കോടതിയെ അറിയിക്കേണ്ട അവസ്ഥയില്‍ അവര്‍ മൗനം പാലിച്ചു അതാണ് സ്റ്റേ ഓര്‍ഡര്‍ വരാന്‍ കാരണം. ആ സ്‌റ്റേ നിര്‍ത്തലാക്കാന്‍ അപ്പീല്‍ പോകാന്‍ യു.ഡി.എഫ് തയ്യാറായില്ല. ഭൂമാഫിയയുമായുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ അവിശുദ്ധ ബന്ധമാണ് അവരെ അപ്പീല്‍ പോകുന്നതില്‍ നിന്നും പിന്‍വലിച്ചത്. സര്‍ക്കാരിന്റെ എല്ലാ കേസുകള്‍ക്കും നേതൃത്വം നല്‍കുന്നത് മുന്‍പ് തോട്ടം ഉടമകളുടെ വക്കീലായി സേവനമനുഷ്ഠിച്ചവരാണ്.
കോടതിയില്‍ കേസുകള്‍ നിരന്തരം നടക്കുകയും അതിലെല്ലാം സര്‍ക്കാരിന്റെ ഭാഗം പരാജയപ്പെടുകയും ചെയ്യുന്നതിന് പിന്നിലുള്ള രഹസ്യം ഇതാണ്. എന്നാല്‍ നിരന്തരം കേസ് തോല്‍ക്കുന്ന ഘട്ടം വന്നപ്പോള്‍ സീനിയര്‍ അഭിഭാഷകരെ കൊണ്ടുവരണമെന്ന് വനംമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ അത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് അതില്‍ താത്പര്യമില്ലാത്തതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നെന്നും പിണറായി പറഞ്ഞു.
ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വിഷയത്തിലുള്ള താത്പര്യവും അന്വേഷിക്കേണ്ടിയിരിക്കുന്നെന്നും പിണറായി പറഞ്ഞു. ചെറുനെല്ലി എസ്‌റ്റേറ്റിലെ മുതലാളിമാരില്‍ പലരും ജോര്‍ജിന്റെ അടുത്ത സുഹൃത്തും അയല്‍ക്കാരുമാണ്. തോട്ടം ഏറ്റെടുക്കുന്നത് തടയണമെന്ന് പറഞ്ഞ് പത്ത് തോട്ടം ഉടമകള്‍ കോടതിയില്‍ നിവേദനം നല്‍കി. ആ പത്ത് പേരില്‍ പകുതി പേരും ജീവിച്ചിരിപ്പില്ലാത്തവരാണ്. കള്ളമേല്‍വിലാസം നല്‍കിയാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
നെല്ലിയാമ്പതിയില്‍ ഉപസമിതിയെ കൊണ്ടുവന്നത് തന്നെ ഭൂമാഫിയയെ രക്ഷിക്കാനാണ്. യു.ഡി.എഫിന്റെ യോഗത്തിന് ശേഷം അവര്‍ എത്തിയ തീരുമാനം പാട്ടക്കരാര്‍ ഉള്ള ഭൂമിയല്ല നെല്ലിയാമ്പതിയിലേത് എന്നാണ്. നെല്ലിയാമ്പതിയിലെ പല രേഖകളും വ്യാജരേഖയാണെന്ന് തെളിഞ്ഞതാണ്. നെല്ലിയാമ്പതിയില്‍ മറ്റുപ്രശ്‌നമൊന്നും ഇല്ലെന്നും അവിടുത്തേത് നിയമപ്രശ്‌നം മാത്രമാണെന്നുമാണ് സമിതിയുടെ വിലയിരുത്തല്‍ പിന്നെ ഈ നിയമപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്താണെന്നും പിണറായി ചോദിച്ചു.