| Tuesday, 7th April 2020, 6:50 pm

എം.പിമാരുടെ പ്രദേശിക ഫണ്ട് നിഷേധിക്കുന്നത് അന്യായം, ഈ സമയത്ത് ഫണ്ടുകള്‍ നല്‍കാനാണ് കേന്ദ്രം നിര്‍ദേശിക്കേണ്ടത്; കേന്ദ്രത്തിനോട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ആവശ്യമാണെന്നിരിക്കേ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് നിഷേധിക്കുന്നത് ന്യായമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താഴെത്തട്ടില്‍ പ്രധാന ചുമതലകളാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രദേശികമായി ചെയ്യേണ്ട പല പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന കൊടുക്കേണ്ട സമയമാണിത്. അതുകൊണ്ട ഫണ്ടിന്റെയും ആവശ്യങ്ങള്‍ അടിയന്തരമായിട്ടുണ്ട്. ഈ ഘട്ടത്തില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിഷേധിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് തന്നെ നിരക്കാത്തതാണ്,’മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും എം. പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഈ ഘട്ടത്തില്‍ പൂര്‍ണമായും കൊവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങളില്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അത്തരമൊരു നീക്കം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ ഇന്ന് പുതുതായി 9 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 336 ആയി. 263 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിലവില്‍ 146686 പേരാണ് കൊവിഡ് നിരീക്ഷണത്തില്‍ ഉള്ളത്. 131 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍ഗോഡ്, 4 കണ്ണൂര്‍, 3 മലപ്പുറം 1 , കൊല്ലം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവര്‍ 2 പേരും സമ്പര്‍ക്കം മൂലം വൈറസ് വന്നത് 3 പേരുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 12 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയി.

സംസ്ഥാനത്ത് കൊവിഡ് 19 ലോക്ക് ഡൗണിനോടനുബന്ധിച്ച് വളത്തിനുള്ള മത്സ്യം ഭക്ഷണത്തിനായി എത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more